കുറവിലങ്ങാട്: നാടിനെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയ കൊടൈക്കനാല് ദുരന്തത്തിന് ഇന്ന് നാലര പതിറ്റാണ്ടിന്റെ തികവ്. 1976 മേയ് എട്ടിനായിരുന്നു കുറവിലങ്ങാടിന്റെ പ്രിയപ്പെട്ട 18 പേരുടെ ജീവന് കവര്ന്ന കൊടൈക്കനാല് ബസ് ദുരന്തം. കുറവിലങ്ങാട്ടെ മുതിര്ന്ന തലമുറയുടെ ഓര്മകളില് ഇന്നും സജീവമാണ് പ്രിയപ്പെട്ടവരുടെ വേര്പാടിന്റെ ആ ദിനം.
കോവിഡ് പശ്ചാത്തലത്തില് ലോക്ക് ഡൗണ് ഏര്പ്പെടുത്തിയിരിക്കുന്നതിനാല് പ്രിയപ്പെട്ടവരുടെ ഓര്മകളില് നിറഞ്ഞ് ഉറ്റവരും ഉടയവരും വീടുകളില് പ്രാര്ഥനയില് മുഴുകും. ഇടവക ദേവാലയത്തില് നിന്നുള്ള തിരുക്കര്മങ്ങളില് ഓണ്ലൈനായി പങ്കെടുക്കാനുള്ള അവസരമേ ലഭ്യമാകൂ.
അനുസ്മരണദിനത്തില് നടത്തുന്ന പ്രത്യേക സമ്മേളനങ്ങളും അവാര്ഡുദാനവും ഇക്കുറി ഇല്ല. കുടുംബസമ്മേളനം കണക്കെയുള്ള സമ്മേളനത്തില് പ്രിയപ്പെട്ടവരുടെ ഓര്മകള് ഒരുമിച്ചു പങ്കിടാനും ഇക്കുറി കഴിയില്ല.
കുറവിലങ്ങാട് ഇടവകയിലെ 43 സണ്ഡേ സ്കൂള് അധ്യാപകരും മൂന്ന് വൈദികരും ഒരു വൈദിക വിദ്യാര്ഥിയും രണ്ട് ബസ് ജീവനക്കാരും ഉള്പ്പെട്ട 49 അംഗ സംഘമായിരുന്നു കൊടൈക്കനാല് സന്ദര്ശിച്ച് മടങ്ങാന് സന്തോഷത്തോടെ പുറപ്പെട്ടത്. തേക്കടി, മധുര, കൊടൈക്കനാല് തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ചവിരുന്നില് സന്തോഷിച്ച് നാട്ടിലേക്ക് മടങ്ങവേ ഡംഡംപാറ എന്ന സ്ഥലത്ത് ബസ് വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്ത് എന്നും നാടിന് അഭിമാനമായ ദേവമാതാ കോളജ് സ്ഥാപക മാനേജരായ ഫാ. പോള് ആലപ്പാട്ട്, ഫാ. മാത്യു പട്ടരുമഠം എന്നിവരും 16 വിശ്വാസപരിശീലകരുമാണ് മരിച്ചത്. കെ.ഡി. ജോര്ജ് കൂനംമാക്കീല്, കെ.ഡി. വര്ക്കി കൊള്ളിമാക്കിയില്, സി.കെ.വര്ക്കി ചിറ്റംവേലില്, വി.കെ. ഐസക് വാക്കയില്, കെ.എം. ജേക്കബ് കാരാംവേലില്, എം.എം.ജോണ് കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, ടി.എം. ലൂക്കോസ് താന്നിക്കപ്പുഴ, പി.എം. ജോസഫ് പുന്നത്താനത്ത്, ടി.ഒ. മാത്യു തേക്കുങ്കല്, സെബാസ്റ്റ്യന് ചിങ്ങംതോട്ടം, കെ.എം. കുര്യന് കരോട്ടെകുന്നേല്, കെ.എം. ജോസഫ് കൊച്ചുപുരയ്ക്കല്, വര്ക്കി മുതുകുളത്തേല്, ദേവസ്യ പൊറ്റമ്മേല്, ജോസഫ് പുല്ലംകുന്നേല് എന്നിവരാണ് അപകടത്തില് മരിച്ച അധ്യാപകര്.
ഇപ്പോള് പ്ലാശനാല് പള്ളിവികാരിയായി സേവനം ചെയ്യുന്ന ഫാ. തോമസ് ഓലിക്കലിന്റെ ഓര്മകളില് അപകടത്തില്നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം ഇന്നും സജീവമാണ്. പുലര്ച്ചെ ദീപിക ദിനപത്രത്തിന്റെ കോട്ടയത്തെ ഓഫീസില് നിന്ന് കുറവിലങ്ങാട്ടേയ്ക്കെത്തിയ ഫോണ് സന്ദേശത്തോടെയാണ് വിവരം നാട്ടിലറിയുന്നത്. തുടര്ന്ന് കെഎസ്ആര്ടിസി അനുവദിച്ച പ്രത്യേക ബസില് അപകടസ്ഥലത്തെത്തിയതും മാര് ജോസഫ് പള്ളിക്കാപറമ്പിലിന്റെ നേതൃത്വത്തില് നടത്തിയ പ്രവര്ത്തനങ്ങളുമൊക്കെ മുതിര്ന്ന തലമുറയുടെ ഓര്മ്മകളിലുണ്ട്.
അധ്യാപക ലോകത്ത് അനേകം ശിഷ്യസമ്പത്തുള്ള ഡോ. കുര്യാസ് കുമ്പളക്കുഴി, എം.എസ്. മാത്യു ചാമക്കാലാ, എം.ഡി. ദേവസ്യ മാപ്പിളപറമ്പില്, വി.കെ. ലൂക്കാ വാഴപ്പള്ളില്, ടി.ജെ. സെബാസ്റ്റ്യന് തേക്കുങ്കല്, ടി.എം. ജേക്കബ് കൊല്ലിത്തോട്ടത്തില് തുടങ്ങിയവരുടെ ഓര്മ്മകളില് അപകടത്തിന്റെ പേടിപ്പെടുത്തുന്ന ഓര്മകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയും ഇന്നു കൂടുതല് സജീവമാകും.
കൊടൈക്കനാല് ദുരന്തത്തിന് നാലരപതിറ്റാണ്ട്; പ്രിയപ്പെട്ടവരുടെ സ്മരണയില് നാട്
10:05 PM May 07, 2021 | Deepika.com