മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച മലപ്പുറം ജില്ലയിൽ മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താനായത് ഏഴു മണ്ഡലങ്ങളിൽ. ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ വിജയിച്ച യുഡിഎഫിന് അഞ്ചു മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു. നിലമെച്ചപ്പെടുത്തിയ ഏഴു മണ്ഡലങ്ങളും മുസ്ലിം ലീഗ് വിജയിച്ചവയാണ്.
വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, കൊണ്ടോട്ടി, വേങ്ങര, മങ്കട, ഏറനാട് മണ്ഡലങ്ങളിലാണ് 2016 തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ യുഡിഎഫിന് കഴിഞ്ഞത്. വള്ളിക്കുന്നിൽ മുസ്ലിം ലീഗിന്റെ പി.അബ്ദുൾ ഹമീദിന്റെ ഭൂരിപക്ഷത്തിൽ 1506 വോട്ടുകളുടെ വർധനയുണ്ടായി. ഇത്തവണ കടുത്ത മൽസരമുണ്ടായതിനെ തുടർന്ന് യുഡിഎഫിന് സീറ്റ് നഷ്ടപ്പെടുമെന്നു കണക്കുകൂട്ടലുകളുണ്ടായിരുന്ന തിരൂരങ്ങാടി മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ കെ.പി.എ.മജീദ് നില മെച്ചപ്പെടുത്തിയതാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.കെ.അബ്ദുറബ് ഇവിടെ വിജയിച്ചത് 6043 വോട്ടുകൾക്കായിരുന്നെങ്കിൽ ഇത്തവണ കെ.പി.എ മജീദിന്റെ വിജയം 9578 വോട്ടുകൾക്കാണ്. രണ്ടു തവണയും പരാജയപ്പെട്ടത് ഇടതുസ്വതന്ത്രനായ നിയാസ് പുളിക്കലകത്തായിരുന്നു.
കോട്ടക്കൽ മണ്ഡലത്തിൽ മുസ്ലിം ലീഗിലെ ആബിദ് ഹുസൈൻ തങ്ങൾ വിജയം ആവർത്തിച്ചത് കഴിഞ്ഞ തവണത്തേതിനേക്കാൾ 1545 വോട്ടുകൾ കൂടുതൽ നേടിയാണ്.
കൊണ്ടോട്ടിയിൽ മുസ്്ലിം ലീഗിലെ ടി.വി.ഇബ്രാഹിം ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് 17713 വോട്ടുകൾക്കാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.വി.ഇബ്രാഹിം തന്നെ ഇവിടെ വിജയിച്ചത് 10654 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
വേങ്ങരയിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷമാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ ലഭിച്ചത്. 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദർ വിജയിച്ചത് 23310 വോട്ടുകൾക്കായിരുന്നു. ഇത്തവണ കുഞ്ഞാലിക്കുട്ടിയുടെ വിജയം 30522 വോട്ടുകൾക്കും. അതേസമയം 2016 ലെ പൊതുതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിൽ നിന്ന് ലഭിച്ചത് 38057 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
ഇത്തവണ പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നു മങ്കടയിലേക്ക് മാറി മൽസരിച്ച മഞ്ഞളാകുഴി അലിയും നില മെച്ചപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.എ.അഹമ്മദ് കബീർ ഇവിടെ വിജയിച്ചത് 1508 വോട്ടുകൾക്കായിരുന്നു. ഇത്തവണ മഞ്ഞളാകുഴി അലിയുടെ വിജയം 6246 വോട്ടുകൾക്കും. ഏറനാട് മണ്ഡലത്തിൽ മുസ്്ലിം ലീഗിലെ പി.കെ. ബഷീറും ഇത്തവണ നിലമെച്ചപ്പെടുത്തി.കഴിഞ്ഞ തവണത്തെ 12893 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 22546 ആക്കി വർധിപ്പിച്ചാണ് പി.കെ.ബഷീർ വിജയിച്ചത്.
പെരിന്തൽമണ്ണ, വണ്ടൂർ, മലപ്പുറം, മഞ്ചേരി, തിരൂർ മണ്ഡലങ്ങളിൽ യുഡിഎഫിന് ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാനായില്ല. പെരിന്തൽമണ്ണയിൽ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം നേരിയ ഭൂരിപക്ഷത്തിലാണ് കടന്നു കൂടിയത്. വെറും 38 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579 വോട്ടുകളായിരുന്നു. വണ്ടൂരിൽ എ.പി.അനിൽകുമാറും മലപ്പുറത്ത് പി.ഉബൈദുള്ളയും നേടിയത് മികച്ച വിജയമാണെങ്കിലും ഭൂരിപക്ഷം ഉയർത്താനായില്ല. വണ്ടൂരിൽ അനിൽകുമാറിന് കഴിഞ്ഞ തവണ ലഭിച്ച 23864 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 15563 ആയി കുറഞ്ഞു. മലപ്പുറം മണ്ഡലത്തിൽ പി.ഉബൈദുള്ളയുടെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35672 വോട്ടുകളുടെ വൻഭൂരിപക്ഷം ഇത്തവണ 35208 വോട്ടുകളായി ചുരുങ്ങിയെന്ന് മാത്രം. മഞ്ചേരിയിൽ അയ്യായിരത്തിലേറെ വോട്ടുകളുടെ കുറവാണുണ്ടായത്. മുസ്ലിം ലീഗിലെ യു.എ.ലത്തീഫ് ഇത്തവണ വിജയിച്ചത് 14573 വോട്ടുകൾക്കാണ്. എം.ഉമ്മർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത് 19616 വോട്ടിനായിരുന്നു. തിരൂരിലും യുഡിഎഫിന്റെ വോട്ടുകളിൽ കുറവുണ്ടായി. കഴിഞ്ഞ തവണ സി.മമ്മൂട്ടിക്ക് 7061 വോട്ടാണ് കൂടുതൽ ലഭിച്ചതെങ്കിൽ ഇത്തവണ കുറുക്കോളി മൊയ്തീന് ലഭിച്ചത് 4264 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
ഇടുതുമുന്നണി ജില്ലയിൽ നിലനിർത്തിയ നാലു സീറ്റുകളിൽ പൊന്നാനിയിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയുണ്ടായത്.
ഇടതുസ്വതന്ത്രൻമാർ വിജയിച്ച നിലന്പൂർ, താനൂർ, തവനൂർ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവുണ്ടായി. പൊന്നാനിയിൽ സിപിഎം സ്ഥാനാർഥി പി.നന്ദകുമാറിന്റെ വിജയം തിളക്കമുള്ളതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ശ്രീരാമകൃഷ്ണൻ 15640 വോട്ടുകൾക്ക് വിജയിച്ചപ്പോൾ ഇത്തവണ നന്ദകുമാറിന്റെ വിജയം 17043 വോട്ടുകൾക്കാണ്. നിലന്പൂരിൽ പി.വി.അൻവറിന്റെ ഭൂരിപക്ഷം കഴിഞ്ഞ വർഷത്തെ 11504 ൽ നിന്ന് 2700 ആയി കുറഞ്ഞു. കടുത്ത മൽസരം നടന്ന തവനൂരിൽ കെ.ടി.ജലീലിന്റെ ഭൂരിപക്ഷം വലിയ തോതിൽ ഇടിഞ്ഞു. കഴിഞ്ഞ തവണ 17064 വോട്ടുകൾക്ക് വിജയിച്ച ജലീലിന് ഇത്തവണ 2564 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. താനൂരിൽ സിറ്റിംഗ് എംഎൽഎ. വി.അബ്ദുറഹ്മാന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 6043 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 985 ആയാണ് കുറഞ്ഞത്.
മലപ്പുറത്ത് ഏഴു മണ്ഡലങ്ങളിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി
12:28 AM May 07, 2021 | Deepika.com