കൊച്ചി: ജില്ലയിൽ സര്‍ക്കാര്‍ മേഖലയില്‍ കളമശേരി മെഡിക്കല്‍ കോളജിലെ മുഴുവന്‍ ബെഡുകളും ഓക്സിജന്‍ ബെഡുകളാക്കി മാറ്റി. ആലുവ താലൂക്ക് ആശുപത്രിയില്‍ 100 ഓക്സിജന്‍ ബെഡുകളും 30 ഐസിയു ബെഡുകളും സജ്ജമാണ്. സിയാലില്‍ 150 ഓക്സിജന്‍ ബെഡുകളില്‍ ശ്വാസതടസമുള്ള രോഗികളെ പ്രവേശിപ്പിച്ചുവരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി ആശുപത്രികളില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണസംവിധാനവുമുണ്ട്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും കോതമംഗലം, പെരുമ്പാവൂര്‍, പിറവം താലൂക്ക് ആശുപത്രികളിലും ഓക്സിജന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ 150 ഓക്സിജന്‍ ബെഡുകളും ബിപിസിഎല്ലിനോട് ചേര്‍ന്ന് 500 ഓക്സിജന്‍ ബെഡുകളും ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 100 ഓക്സിജന്‍ ബെഡുകള്‍ കൊച്ചി സാമുദ്രിക കണ്വന്ഷന് ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തരവിഭാഗത്തിലുള്ളവയൊഴിച്ചുള്ള ഓക്സിജന്‍ ബെഡുകളെല്ലാം കോവിഡ് രോഗികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഓക്സിജന്‍ ബെഡുകളുണ്ടെങ്കിലും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിൽ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഓക്സിജന്‍-ഐസിയു കെയര്‍ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ജീവനക്കാരെ വിവിധ മേഖലകളില്‍നിന്നു പൂള് ചെയ്താണ് പ്രവര്‍ത്തനം.
കളമശേരി മെഡി. കോളജിൽ ഇനി ഓക്സിജന്‍ ബെഡുകൾ മാത്രം
11:35 PM May 06, 2021 | Deepika.com