സ്വന്തം ലേഖകര്‍
കൊച്ചി: ഒന്നാം സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആഘാതത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയില്‍നിന്നും ജീവിതത്തിന്റെ നാനാവിധ ബുദ്ധിമുട്ടുകളില്‍നിന്നും കരകയറും മുമ്പ്, രണ്ടാമത്തെ അടച്ചിടല്‍ ഇങ്ങെത്തിക്കഴിഞ്ഞു. നാളെ മുതല്‍ 16 വരെ കേരളം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്.
കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ, പ്രാദേശിക തലങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു രോഗവ്യാപനം കുറയ്ക്കാനാകുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. അതിനാവാത്ത സ്ഥിതിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നാണു സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇതുവരെയുള്ള നിയന്ത്രണങ്ങളോടു പൂര്‍ണതോതില്‍ സഹകരിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയതും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെത്താന് കാരണമാണെന്നു പറയുന്നു.
രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്ന അതീവ സങ്കീര്‍ണമായ സ്ഥിതിയില്‍ ലോക്ക്ഡൗണിനു സംസ്ഥാനം നിര്‍ബന്ധിക്കപ്പെടുകയാണ്. ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നു മനസിലാക്കുമ്പോഴും അതു ജനജീവിതത്തെയും വരുമാനമാര്‍ഗങ്ങളെയും ബാധിക്കുമെന്നുറപ്പ്. രണ്ടാം ലോക്ക്ഡൗണിന്റെ ആശങ്കകളോടു സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ എങ്ങനെ പ്രതികരിക്കുന്നുവെന്നു കാണാം.
കഴിഞ്ഞ ലോക്ക്ഡൗണിലെ കടം തീര്‍ന്നില്ല!
(ടി.പി. സന്തോഷ്,ഓട്ടോറിക്ഷ തൊഴിലാളി, മാലിപ്പുറം, വൈപ്പിൻ)
പഞ്ചായത്തുകള്‍ പലതും കണ്ടെയ്ൻമെന്റ് സോണ്‍ ആയതോടെ ഓട്ടോറിക്ഷാക്കാരുടെ വരുമാനം നന്നേ കുറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ വരുന്നതോടെ വീടുകളില്‍ അടുപ്പ് പുകയുന്നതെങ്ങനെയന്ന ആശങ്കയിലാണ്. കഴിഞ്ഞ തവണ ലോക്ക്ഡൗണ്‍ വരുത്തിവച്ച സാമ്പത്തിക ബാധ്യതകള്‍ ഇതുവരെ തീര്‍ന്നില്ല. മറ്റൊരാളോട് വായ്പപോലും വാങ്ങാന്‍ പറ്റാത്ത സാഹചര്യത്തിൽ തങ്ങളുടെ ഉപജീവനവും ഭാവിയും ഇനി സര്‍ക്കാരിന്റെ കൈകളിലാണ്. കഴിഞ്ഞ തവണ മണ്ഡലത്തിലെ ജനപ്രതിനിധി സഹായവാഗ്ദാനം ചെയ്തു ലിസ്റ്റുമായി പോയെങ്കിലും പിന്നെ ഇതുവഴി കണ്ടിട്ടില്ല.
കര്‍ഷകര്‍ ആശങ്കയിലാണ്
(ഗ്രീന്‍ വിന്‍സെന്റ്,പൈനാപ്പിള്‍ കര്ഷകന്, വാഴക്കുളം)
വാഴക്കുളം: ലോക്ക്ഡൗണ്‍ അനിവാര്യമാണെങ്കിലും കര്ഷകരുടെയുള്ളില് ആധിയാണ്. റംസാന് നോമ്പിനോടനുബന്ധിച്ച് പൈനാപ്പിള്‍ വിളവെടുപ്പിന് തോട്ടങ്ങള്‍ ഒരുങ്ങിയ ഘട്ടത്തിലുള്ള ലോക്ക് ഡൗണ്‍ പ്രതികൂലമായി ബാധിക്കും. തോട്ടത്തിലെ ഇതര ജോലികള്‍ ഏതാനും ദിവസങ്ങള്‍ മാറ്റിവയ്ക്കാമെങ്കിലും പഴുത്ത പൈനാപ്പിള്‍ വിളവെടുത്ത് വിപണനം നടത്താതെ സൂക്ഷിച്ചു വയ്ക്കാനാവില്ലല്ലോ. ചെറുകിട കര്‍ഷകരുടെ വിവിധ സ്ഥലങ്ങളിലായുള്ള തോട്ടങ്ങളില്‍ വിളവെടുപ്പിന് ഇളവു ലഭിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാകും. ഇത് അവരുടെ അതിജീവനത്തെത്ത ബാധിക്കും.
കച്ചവടത്തെ കോവിഡ് തളര്‍ത്തി
(കെ.ആര്.രാധാകൃഷ്ണന്,പച്ചക്കറി വ്യാപാരികൂത്താട്ടുകുളം)
കൂത്താട്ടുകുളം: കോവിഡിന്റെ ഒന്നാം വരവില്‍തന്നെ പല കച്ചവടക്കാരും അവശ്യസാധനങ്ങളെന്ന നിലയില്‍ പച്ചക്കറി വ്യാപാരത്തിലേക്കു ചുവടുമാറ്റിയിരുന്നു. ചെറിയ മുടക്കുമുതലില്‍ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ പച്ചക്കറി വ്യാപാരങ്ങള്‍ പലതും ഇന്നു പൂട്ടിപ്പോയ അവസ്ഥയിലാണ്. വാടകമുറികളില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുടെ സ്ഥിതി ദയനീയമാണ്. ചെലവു ചുരുക്കാന്‍ പലരും സ്ഥാപനത്തിലെ തൊഴിലാളികളെ ഒഴിവാക്കി. വാടകയും വൈദ്യുതി ബില്ലും കുടുംബബജറ്റുമെല്ലാം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ഥിതിയിലാണു വീണ്ടും ലോക്ക്ഡൗണ്‍ എത്തുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി വരുത്തുന്ന സമയക്രമീകരണവും കച്ചവടത്തെ ബാധിക്കുന്നുണ്ട്.
അടച്ചിരിക്കുകയല്ലാതെ വേറെ വഴിയില്ല!
(ഏലിയാമ്മ സ്ലീബ അമ്പലത്തിങ്കല്‍, ഉദയംപേരൂര്‍)
തൃപ്പൂണിത്തുറ: വീണ്ടുമെത്തുന്ന ലോക്ക്ഡൗണ്‍ സാമ്പത്തികമായി വല്ലാതെ ബാധിക്കും. രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ ഒരാഴ്ചകൊണ്ട് തീരുമോയെന്നു പറയാന്‍ പറ്റില്ല. ജോലിയില്‍നിന്ന് അന്നന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്ന സാധാരണക്കാര്‍ കഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. അടച്ചിടപ്പെടുന്ന അവസ്ഥ ഭയങ്കരമാണ്. പ്രത്യേകിച്ച് ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക്. പക്ഷേ കോവിഡ് മനുഷ്യജീവനുതന്നെ ഭീഷണിയായി കൂടുമ്പോള്‍ അടച്ചിരിക്കുകയെന്നതല്ലാതെ എന്ത് വഴി? മനുഷ്യനുണ്ടെങ്കിലല്ലേ ജീവനും ജീവിതവുമുള്ളു.
ഒന്നായി നില്ക്കാം, അതിജീവിക്കാം
(ഫാ. ജോണ്‍ പുതുവ, വികാരി, കാലടി സെന്റ് ജോര്‍ജ് പള്ളി)
കോവിഡും ലോക്ക്ഡൗണും സമൂഹത്തിലെ സമസ്ത മേഖലകളെയുമെന്നപോലെ ആത്മീയ ജീവിതരീതികളെയും ആരാധനകളെയും സ്വാധീനിക്കുന്നുണ്ട്. കഠിനമായ പരീക്ഷണ കാലത്തിലൂടെയാണ് നാം വീണ്ടും കടന്നുപോകുന്നത്. കോവിഡിന്റെ രണ്ടാം തരംഗം സമസ്ത മേഖലയെയും കടന്നാക്രമിക്കുന്നു. അതിജീവനം എങ്ങനെയാകുമെന്നുള്ള പ്രവചനം അസാധ്യമാണ്. ഇല്ലായ്മയുടെ ഒരു കാലത്തേക്കാണോ നാം പോകുന്നത്. ഇവിടെ എല്ലാത്തിനുമുള്ള പരിഹാരം ഒന്നായി നില്ക്കുക എന്നതാണ്. ഉളളവര്‍ ഇല്ലാത്തവര്‍ക്കായി പങ്കുവയ്ക്കുക. അയല്‍പ്പക്കത്തെ അടുക്കളയിലേക്ക് മിഴിയെറിയുക. പ്രാര്‍ഥനയും വിശ്വാസവും മുറുകെപ്പിടിക്കുക.
ചെറുകിട വ്യവസായികള്‍ കടക്കെണിയില്‍
(സുനില്‍ കുമാര്‍, എംഡി, സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ്, എടയാര്‍)
പ്രളയകാലം മുതല്‍ ചെറുകിട വ്യവസായികള്‍ കടക്കെണിയിലാണ്. രൂക്ഷമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഈ മേഖല. കൊറോണയുടെ ആദ്യതരംഗം അതിന് ആഘാതം കൂട്ടി. വീണ്ടും ലോക്ക്ഡൗണ്‍ വരുമ്പോള്‍ വല്ലാത്ത ആശങ്കയിലാണു ചെറുകിട വ്യവസായികള്‍. കോവിഡിന്റെ രണ്ടാം വരവ് വ്യവസായ മേഖലയ്ക്കുണ്ടാക്കാവുന്ന സാമ്പത്തിക നഷ്ടം എന്താകുമെന്ന ആശങ്കയും ചെറുതല്ല.
ഇനി എന്തു ചെയ്യുമെന്നറിയില്ല!
പി.ടി. ഡേവിസ്,ബസ് തൊഴിലാളി, അങ്കമാലി
കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചു മാസങ്ങള്‍ക്കുശേഷമാണ് പൊതുഗതാഗതത്തിന് അനുവാദം ലഭിച്ചത്. ജോലിയില്ലാത്ത കാലത്തു പല ദിവസങ്ങളിലും ബസുടമ പണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങിത്തന്നു. ക്ഷേമനിധിയില്‍ അംഗമല്ലാത്ത തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. അടുത്ത കാലത്തു ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും കളക്ഷന്‍ തീരെ കുറവായതിനാല്‍ പകുതി ശമ്പളം മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. മേയ് ഒന്നു മുതല്‍ ബസ് സര്‍വീസ് നിര്‍ത്തി. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. കഴിഞ്ഞ 20 വര്‍ഷമായി ഈ ജോലിയാണ് ചെയ്യുന്നത്. വീട്ടു ചെലവും മക്കളുടെ പഠനച്ചെലവുമടക്കം മാസം നല്ലൊരു തുക ആവശ്യമുണ്ട്.
ആധികളോടെ വീണ്ടും അടച്ചിടല്‍
11:35 PM May 06, 2021 | Deepika.com