വൈക്കം: നഗരസഭ 19-ാം വാർഡിൽ വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ ഓട നിർമിച്ച് റോഡ് കോണ്ക്രീറ്റ് ചെയ്യുന്ന പദ്ധതിയിൽ ക്രമക്കേടെന്ന് ആരോപണം. റോഡ് പണിയുടെ പേരിൽ റോഡ് വെട്ടി പൊളിച്ചിട്ടതുമൂലം രോഗികളും വയോധികരുമടക്കമുള്ളവരുടെ യാത്ര ദുരിത പൂർണമായി. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ 67 മീറ്റർ നീളത്തിൽ ഓട നിർമിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 15 ലക്ഷം രൂപയാണു കരാർ തുക.
അശാസ്ത്രീയമായാണ് നിർമാണം നടക്കുന്നതെന്നും ഇത്രയും തുക ഈ പദ്ധതി നിർവഹണത്തിന് ആവശ്യമില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
മുനിസിപ്പാലിറ്റി എൻജിനിയറിംഗ് വിഭാഗം നിർമാണം പരിശോധിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഓടയും റോഡും പണി പൂർത്തിയായാൽ വടക്കേ നടയിലെ പ്രധാന റോഡിലെ മഴ വെള്ളം ഒഴുകി ഇവിടെയെത്തും.
വെള്ളം ഒഴുകി സമീപത്തെ തോട്ടിൽ പതിക്കണമെങ്കിൽ ഇനിയും 45 മീറ്റർ ഓടയും റോഡും പണിയണം. നിലവിലുള്ള കരാർ പ്രകാരം പണി പൂർത്തികരിച്ചാൽ ഓടവഴി ഒഴുകിയെത്തുന്ന വെള്ളം പറന്പുകളിലും വീടുകളിലും കയറും. വിഷയത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
പദ്ധതിയിൽ ക്രമക്കേടെന്ന് ആരോപണം
11:08 PM May 06, 2021 | Deepika.com