വൈക്കം: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചു വേന്പനാട്ടു കായലിലെ നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ നിർമിക്കുന്ന കായൽ പാലം പൂർത്തികരിക്കുന്നതിനു നിയുക്ത എംഎൽഎമാരായ ദലീമ ജോജോ, സി.കെ. ആശ എന്നിവർ മുൻഗണന നൽകണമെന്ന ആവശ്യം ശക്തമായി.
750 മീറ്റർ നീളംവരുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പാലംനിർമാണത്തിനു തിരിച്ചടിയായത്. വൈക്കം-അരൂർ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പാലത്തിന്റെ നിർമാണം 2016 ലാണു തുടങ്ങിയത്.
98 കോടി രൂപ നിർമാണ ചെലവ് കണക്കാക്കിയ പാലത്തിന്റെ നിർമാണം എറണാകുളത്തെ ഗോശ്രീ പാലം നിർമിച്ച കണ്സ്ട്രക്ഷൻ കന്പനി 78 കോടി രൂപയ്ക്കാണു കരാർ ഏറ്റെടുത്തത്. 18 മാസ കാലാവധിയിൽ നിർമാണം തുടങ്ങിയ പാലം കരാർ കാലാവധിക്ക് ആറുമാസം മുന്പേ പൂർത്തിയാക്കുക ലക്ഷ്യമിട്ട് അതിവേഗത്തിലാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചത്.
മാക്കേക്കടവിലും നേരേകടവിലും അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകേണ്ടവർ സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തിൽ കൂടുതൽ തുക ലഭിക്കാൻ കോടതിയിൽ ഹർജി നൽകിയതോടെയാണ് പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തകിടം മറിഞ്ഞത്.
മാസങ്ങൾക്കു മുന്പ് സ്ഥലമുടമകൾക്കു നൽകാനുള്ള തുക സർക്കാർ അധികൃതർക്കു കൈമാറിയെങ്കിലും നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിൽനിന്നു കിഴക്കൻ മേഖലയിലേക്കു ഗതാഗതം സുഗമാക്കാൻ വിഭാവനം ചെയ്ത തുറവൂർ-പന്പ ഹൈവേയുടെ ഭാഗമാണ് നേരേകടവ് - മാക്കേക്കടവ് കായൽ പാലം. ഈ ഹൈവേയുടെ ഭാഗമായ തുറവൂർ പാലം യാഥാർഥ്യമായിട്ടു വർഷങ്ങളായി.
കോട്ടയത്തുനിന്നു എറണാകുളത്തേക്കും ആലപ്പുഴയിൽനിന്നു കോട്ടയത്തേക്കുമുള്ള യാത്രയിൽ കിലോമീറ്ററുകൾ ലാഭിക്കാകാനാകുന്ന പദ്ധതി വൈക്കം - ചേർത്തല താലൂക്കുകളുടെ വികസനത്തിനും കുതിപ്പേകും. ചേർത്തല - വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമായ കായൽ പാലം പൂർത്തീകരിക്കാൻ നിയുക്ത എംഎൽഎമാരായ ദലീമ ജോജോയും സി.കെ. ആശയും പ്രഥമ പരിഗണന നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നേരേക്കടവ് -മാക്കേക്കടവ് കായൽ പാലം പൂർത്തിയാക്കുന്നതിനു മുൻഗണന നൽകണം
11:08 PM May 06, 2021 | Deepika.com