അന്പലപ്പുഴ: അന്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റുന്നുവെന്ന് ആക്ഷേപം. കോവിഡ് ബാധിതരുടെ എണ്ണം മേഖലയിൽ ദിനംപ്രതി വർധിക്കുകയും ചെയ്യുന്നു. കോവിഡ് വ്യാപനം തുടങ്ങിയ നാൾ മുതൽ പഞ്ചായത്തിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് ബാധിതർക്കാവശ്യമായ ഭക്ഷണം, മരുന്ന് മറ്റാത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിനും ജാഗ്രതാ സമിതികൾക്കുണ്ടായ വീഴ്ചചയുടെ പ്രധാന ഉത്തരവാദിത്വം ആരോഗ്യ വകുപ്പിനാണെന്നാണ് ആക്ഷേപം.
കഞ്ഞിപ്പാടത്തു പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകേണ്ടത്. എന്നാൽ ഇവിടെ മെഡിക്കൽ ഓഫീസറും മറ്റുള്ളവരും വേണ്ടത്ര ജാഗ്രത കാട്ടത്തതിനാൽ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റിയത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായി. കോവിഡ് വ്യാപനം ഇപ്പോൾ രൂക്ഷമായിട്ടും പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ മെഡിക്കൽ ഓഫീസർക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ തീരപ്രദേശത്തുൾപ്പെടെ ആൾക്കൂട്ടം പതിവായിട്ടും ഇതു നിയന്ത്രിക്കാൻ പോലീസിനു നിർദേശം നൽകാനോ തടയാനോ കഴിയുന്നില്ല. ഇതു രോഗവ്യാപനം വർധിക്കുന്നതിനും കാരണമായിട്ടുണ്ട്. പഞ്ചായത്തിൽ കോവിഡ് മരണവും വർധിച്ചതോടെ ജനം ആശങ്കയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കാൻ അന്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഴിച്ചുപണി നടത്തണമെന്നും ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റുന്നുവെന്ന് ആക്ഷേപം
09:57 PM May 06, 2021 | Deepika.com