മങ്കൊന്പ്: കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതോടെ വിളവെടുപ്പും, നെല്ലുസംഭരണവും പൂർത്തിയാകാത്ത പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിൽ. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ടു പ്രഖ്യാപനങ്ങളൊന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജലനിരപ്പുയരുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 27ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നെല്ലു സംഭരണം പൂർത്തിയാകാത്തതിനാൽ കർഷകരുടെ ആവശ്യത്തെത്തുടർന്ന് ഷട്ടറുകൾ തുറക്കുന്നത് 30ലേക്കു മാറ്റിയതായി ഇറിഗേഷൻ വകുപ്പിൽ നിന്നും അറിയിപ്പു ലഭിച്ചിരുന്നു. നെല്ലെടുപ്പു ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ചു പിന്നീട് അറിയിപ്പുകളൊന്നും മാധ്യമങ്ങൾക്കോ, കർഷകർക്കോ ലഭിച്ചിരുന്നില്ല. എന്നാൽ 27നു മുൻപു മുതൽ തന്നെ കുട്ടനാട്ടിലെ ജലനിരപ്പുയർന്നിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കുട്ടനാടൻ ജലാശയങ്ങളിൽ കാര്യമായ മഴയില്ലാതെ തന്നെ ജലനിരപ്പിൽ ഒരടിയോളം വർനവുണ്ടായിട്ടുണ്ട്. ഇതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. നെല്ലുസംഭരണം നേരിയ തോതിൽ പുനരാരംഭിച്ചങ്കിലും പിന്നീട് നിലച്ച നിലയിലാണ്. കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന മംഗലം മാണിക്യമംഗലം കായലിലെ കർഷകരാണ് ജലനിരപ്പുയരുന്നതിൽ ഏറ്റവുമധികം ആശങ്കപ്പെടുന്നത്. സംഭരണം നിലച്ചതോടെ 40 ലോഡോളം നെല്ലാണ് ഇനിയും ഇവിടെ സംഭരിക്കാൻ അവശേഷിക്കുന്നത്. ദുർബലമായ പുറംബണ്ടുള്ള കായൽ മടവീഴ്ചയുടെ ഭീഷണിയിലാണ്. അങ്ങിനെ സംഭവിച്ചാൽ നെല്ലു മുഴുവൻ വെള്ളത്തിനടിയിലാകും. അതേസമയം പലവട്ടം മടവീഴ്ചയുണ്ടായതിനെ തുടർന്ന് മടകുത്തൽ ജോലികൾ നടന്നു വരുന്ന കൈനകരി കനകാശേരി പാടത്ത് മടവീഴ്ചയുണ്ടായെന്ന വ്യാജവാർത്തകൾ പരന്നത് കർഷകർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരന്ന വ്യാജവാർത്ത പാടശേഖരസമിതി തന്നെ പിന്നീട് നിഷേധിച്ചു. അതേസമയം ജലനിരപ്പുർന്നതോടെ നിർമാണത്തിലിരിക്കുന്ന പിള്ളബണ്ടിനു മുകളിൽ കൂടി വെള്ളം പാടത്തേയ്ക്കു കവിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ്. കൃഷിയില്ലാത്ത സാഹചര്യത്തിൽ പാടത്തിനു നടുവിലെ താമസക്കാരെ വെള്ളക്കെട്ടിൽ നിന്നും രക്ഷിക്കാൻ നിയന്ത്രിത അളവിൽ പന്പിംഗ് നടത്തിയാണ് ഇവിടെ ജലനിരപ്പു നിയന്ത്രിച്ചുപോരുന്നത്.
ജലനിരപ്പു ഇനിയും ഉയർന്നാൽ പാടശേഖരത്തിനു നടുവിലുള്ള താമസക്കാരുടെ വീടുകൾ വെള്ളത്തിനടിയിലാകും. പാടശേഖരങ്ങൾക്കു നടുവിലും പുറംബണ്ടിലുമായി താമസിക്കുന്ന കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും അസ്വസ്ഥതയുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. അവശേഷിക്കുന്ന പാടശേഖരങ്ങളിലെ നെല്ലു സംഭരണം അടിയന്തിരമായി പൂർത്തിയാക്കുകയും, ബണ്ടു സംരക്ഷണത്തിനായി സർക്കാർ സഹായവും ഉണ്ടായെങ്കിലെ കുട്ടനാട്ടുകാർക്കു ആശ്വസിക്കാനാകുകയുള്ളു.
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു, പരിഹാരമാകാതെ നെല്ലുസംഭരണം
09:57 PM May 06, 2021 | Deepika.com