എടത്വ: ബസ് പിൻവലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് നിയുക്ത കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എടത്വ ഡിപ്പോ സന്ദര്‍ശിച്ചു. എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പത്തോളം ബസുകള്‍ പിൻവലിച്ചെന്ന പരാതിയിലാണ് എംഎല്‍എ ഡിപ്പോ സന്ദര്‍ശിച്ചത്. സ്റ്റേഷന് മാസ്റ്റര്‍ ബി. രമേഷ് കുമാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവരുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തി.
എടത്വയില്‍ നിന്ന് കൊണ്ടുപോയ ബസുകള്‍ തിരികെ എത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു. എംഡിയുടെ നിർദേശ പ്രകാരം എട്ടുബസുകള്‍ പിൻവലിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം രണ്ട് ബസുകള്‍ കൂടി റദ്ദാക്കിയിരുന്നു. ബസുകള്‍ കൊണ്ടുപോകാനായി ജീവനക്കാര്‍ എത്തിയപ്പോൾ ജനകീയ പ്രതിഷേധമുണ്ടാവുകയും എംഎല്‍എ ഓഫീസ് ഇടപെടുകയും ചെയ്തെങ്കിലും വീണ്ടും എടത്വ ഡിപ്പോയില്‍ നിന്ന് ബസ് പിൻവലിക്കുകയായിരുന്നു. ബസുകൾ കൂട്ടത്തോടെ പിന്‍വലിക്കുന്നത് കടുത്ത യാത്രാദുരിതത്തിന് കാരണമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
ബസ് പിൻവലിക്കല്‍; നിയുക്ത കുട്ടനാട് എംഎല്‍എ എടത്വ ഡിപ്പോ സന്ദര്‍ശിച്ചു
09:57 PM May 06, 2021 | Deepika.com