ആലപ്പുഴ: കാലാവസ്ഥാവ്യതിയാനവും കോവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകൾ കടിപ്പിക്കുകയും ചെയ്തതോടെ തീരത്ത് മത്സ്യക്ഷാമം രൂക്ഷമായി, തീരം പട്ടിണിയിലുമായി. സർക്കാരുകൾ കർശന നിർദേശവുമായി രംഗത്തെത്തിയതോടെ ജില്ലയുടെ തീരത്തെ 50,000ൽ അധികം വരുന്ന മത്സ്യതൊഴിലാളി അനുബന്ധ തൊഴിലാളികളുടെ കുടുംബങ്ങൾ മുഴുപട്ടിണിയിലേക്ക്. ജില്ലയിലെ ചേർത്തല, അന്പലപ്പുഴ, കാർത്തികപ്പള്ളി എന്നീ തീരദേശ താലൂക്കുകളിലെ തീരത്തെ കുടുംബങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. നിലവിലെ നിരോധനം നീക്കിയാലും തൊഴിലാളികൾക്കു കടലിൽ പോകാൻ ആശങ്കയാണ്. വേണ്ടത്ര മത്സ്യം ലഭിച്ചില്ലെങ്കിൽ വലിയ നഷ്ടമാണുണ്ടാകുക. കൂനിൻമേൽ കുരുപോലെ ഡീസലിന്റെ വിലവർധനവും മണ്ണെണ്ണ സബ്സിഡി ലഭിക്കാത്തതും തീരവാസികളെ പ്രതിസന്ധിയിലാക്കുന്നു.
സാധാരണ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടുതലായി ചെറുമത്സ്യങ്ങൾ ലഭിക്കേണ്ടതാണ്. എന്നാൽ ഇക്കുറി അതുണ്ടായില്ല.കഴിഞ്ഞ ആറുമാസമായി ബോട്ടുകളും വള്ളങ്ങളും തീരത്തിരിക്കുകയാണ്. മാസങ്ങൾക്ക് മുന്പെ രാസ വസ്തുക്കൾ പുരട്ടിസൂക്ഷിച്ച മത്സ്യമാണ് ഇപ്പോൾ വിപണിയിലെത്തുന്നതെന്ന ആരോപണവും സജീവമായുണ്ട്്. ജില്ലയിൽ ഗോവയിൽ നിന്നുള്ള മത്സ്യങ്ങളാണ് ഇപ്പോൾ കൂടുതലും എത്തുന്നത്. തമിഴ്നാട്ടിൽ നിന്നും മീനുകൾ എത്തിതുടങ്ങി. അന്യസംസ്ഥാനത്തു നിന്നുമെത്തുന്ന മത്സ്യങ്ങൾക്കു തീവിലയുമാണ്.
ട്രോളിംഗ് നിരോധനം തീർന്നെങ്കിലും പീലിംഗ് മേഖലയിലെ തൊഴിലാളികൾക്ക് പണിയില്ലാണ്. ചേർത്തല, അന്പലപ്പുഴ താലൂക്കുകളിലെ സ്ത്രീകളാണ് കൂടുതൽ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. അവരുടെ വരുമാനവും ഇതോടെ നിലച്ചു. തീരമമേഖലയിൽ കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വീടുകളിൽ ഭക്ഷ്യധാന്യം എത്തിക്കുകയും അക്കൗണ്ടുകളിൽ മതിയായ സാന്പത്തിക സഹായം നൽകുകയും വേണമെന്നതാണ് ആവശ്യം. ആരോഗ്യ സുരക്ഷയ്ക്കായി വോളന്റിയർമാരെ നിയമിക്കണം.
മത്സ്യക്ഷാമം രൂക്ഷം, തീരം പട്ടിണിയിൽ
09:57 PM May 06, 2021 | Deepika.com