കാസര്‍ഗോഡ്: കര്‍ണാടകയില്‍നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള ബിജെപി നേതാക്കള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ തമ്പടിച്ച് പണമൊഴുക്കിയിട്ടും മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നതുകൊണ്ടാണ് വിജയം നേടാന്‍ സാധിച്ചതെന്ന് മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫ് പറഞ്ഞു. കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗക്കാരുടേതുള്പ്പെടെയുള്ള വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും ബിജെപി നേതാക്കള്‍ 1000 രൂപയും കിറ്റും നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി അഷ്റഫ് ആരോപിച്ചു. ഇനിയും മുസ്ലിം സ്ഥാനാര്‍ഥി ജയിക്കരുതെന്നു പറഞ്ഞ് വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും ശ്രമിച്ചു. ഇതിനിടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശന് ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതും ബിജെപിക്ക് ഗുണകരമായി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നതുകൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കാന്‍ കഴിഞ്ഞത്.
തനിക്കെതിരേ അപരനായി മത്സരിക്കാനായി അഷ്റഫ് എന്നു പേരുള്ള പലരേയും ബിജെപി സമീപിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്താനായി എസ്ഡിപിഐ അടക്കമുള്ള വിഭാഗങ്ങള്‍ തനിക്ക് വോട്ട് നല്‍കിയിട്ടുണ്ടാകാമെന്നും അഷ്റഫ് പറഞ്ഞു.
ബിജെപി പണമൊഴുക്കിയിട്ടും മതേതരവിശ്വാസികള്‍ കൈവെടിഞ്ഞില്ല: എ.കെ.എം. അഷ്റഫ്
12:53 AM May 06, 2021 | Deepika.com