പാലപ്പിള്ളി: കാരികുളത്ത് ആട്ടുപാലത്തിൽ നിന്നു പുഴയിൽ വീണു ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളിക്കു പരിക്കേറ്റു. കാരികുളം വീട്ടിക്കുന്നത്ത് സാദത്തി (49) നാണു പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് അപകടം. കാലിനു പരിക്കേറ്റ ഇയാൾ കാരികുളത്തുള്ള ഹാരിസണ്‍ കന്പനിയുടെ ഹെൽത്ത് സെന്ററിൽ ചികിത്സതേടി.
ഹാരിസണ്‍ കന്പനിയുടെ എലിക്കോട് ഭാഗത്തുള്ള റബർ തോട്ടത്തിൽ ടാപ്പിംഗിനു പോകുന്നതിനിടെയാണ് അപകടം. കാരികുളത്ത് കുറുമാലിപ്പുഴക്ക് കുറുകെ നിർമിച്ച താത്കാലിക മണ്‍ചിറ തകർന്നതിനെ തുടർന്ന് ആട്ടുപാലത്തിലൂടെ ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം.
പാലത്തിന്റെ നടുവിൽവച്ച് ഇയാൾ ബൈക്കുമായി പുഴയിൽ വീഴുകയായിരുന്നു. 25 അടിയോളം താഴ്ചയിലേക്കാണു മറിഞ്ഞുവീണത്. പുഴയിൽ വെള്ളം കുറവായിരുന്നുവെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടവിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ആട്ടുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഒരു ഭാഗത്തെ ഇരുന്പു വടം ഘടിപ്പിച്ചിരുന്നില്ല. ബൈക്കുമായി പാലത്തിൽ കയറിയതോടെ ബാലൻസ് കിട്ടാതെ ഒരു വശത്തേക്കു മറിഞ്ഞു പുഴയിലേക്കു വീഴുകയായിരുന്നു.
സ്ത്രീകളുൾപ്പെടെയുള്ള തോട്ടം തൊഴിലാളികൾ മറുകരയിലെ തോട്ടങ്ങളിൽ പണിയെടുക്കാൻ പോകാൻ ഈ ആട്ടുപാലത്തെയാണ് ആശ്രയിക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന പാലം അടച്ചിടാത്തതും സൂചനാ ബോർഡ് സ്ഥാപിക്കാത്തതുമാണ് അപകടത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളിക്കു പുഴയിൽ വീണു പരിക്ക്
12:40 AM May 06, 2021 | Deepika.com