സിജോ പൈനാടത്ത്
കൊച്ചി: "ഞാന്‍ സ്വര്‍ഗത്തിന്റെ വാതിലില്‍ എത്തുമ്പോള്‍ ആലുവ യുസി കോളജില്‍ പഠിച്ചതാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടാകണമെന്നില്ല. അപ്പോള്‍ ഞാന്‍ പറയും. സി.പി. മാത്യു സാറിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാണു വരുന്നതെന്ന്. അപ്പോള്‍ സാര്‍ 'ഇവനെ എനിക്കു പരിചയമുണ്ട്' എന്നു പറയും. എന്നെ കയറ്റിവിടും...'
2011ല്‍ യുസി കോളജില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രസംഗമധ്യേ നര്‍മഭാഷയില്‍ ഇതു പങ്കുവച്ചപ്പോള്‍ സദസ് നന്നായി ആസ്വദിച്ചു. കോളജിന്റെ സ്ഥാപകരിലൊരാളായ സി.പി. മാത്യുവിന്റെ പേരില്‍ യുസിയുടെ നവതിസ്മാരകമായി തുടങ്ങിയ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് റിലീജിയന്‍ ആന്‍ഡ് സൊസൈറ്റിയുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്നത്തെ പ്രസംഗത്തിലെ മറ്റൊരു വിശേഷം ഇങ്ങനെ: 'മഹാത്മാഗാന്ധി എന്റെ കോളജില്‍ നട്ട മാവിലെ മാങ്ങാ ഞാനും അന്നത്തെ കൂട്ടുകാരും ചേര്‍ന്ന് പറിച്ചുതിന്നു. അതിന് അധ്യാപകന് എന്നെ ശകാരിച്ചു. എല്ലാവര്ക്കും ഭക്ഷണം കിട്ടണമെന്നു പ്രസംഗിച്ച ഗാന്ധിജി നട്ട മാവില്‍നിന്നു മാങ്ങാ പറിച്ചതിനു ശകാരിച്ച അധ്യാപകന് ഗാന്ധിജിയെ മനസിലാക്കിയിട്ടില്ലെന്നു ഞാന്‍..! കാലങ്ങള്‍ക്കുശേഷം ഇക്കാര്യം ആ അധ്യാപകനെ ഓര്മിപ്പിച്ചപ്പോള്, ഞാന്‍ ശകാരിച്ചതുകൊണ്ടാണ് അങ്ങു തിരുമേനിയായതെന്നു മറുപടി.'
യുസി കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ മാര്‍ ക്രിസോസ്റ്റം കോളജ് അനുഭവങ്ങളും സഹപാഠികളെക്കുറിച്ചും അഭിമാനത്തോടെ പല വേദികളില്‍ പങ്കുവച്ചിട്ടുണ്ട്. 1933- 39 കാലഘട്ടത്തിലാണു മാര്‍ ക്രിസോസ്റ്റം യുസി കോളജില്‍ പഠിച്ചത്. വിവിധ മതസ്ഥരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരുമിച്ചു പഠിക്കാനായ കോളജ് പഠനകാലം ജീവിതത്തിലെ സുവര്ണനാളുകളായിരുന്നെന്നു വലിയ മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്. എക്യുമെനിസത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും കലാലയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കോളജ് കാലത്തെ സൗഹൃദങ്ങള്‍ എക്കാലവും അദ്ദേഹം മനസില്‍ സൂക്ഷിച്ചു. അര്‍ബുദബാധിതനായി ചികിത്സ നടക്കുന്നതിനിടെ, യുസിയിലെ സഹപാഠി ഡബ്ല്യു. ജോണിനെ കാണാന്‍ ആലുവയിലെത്തിയത് അദ്ദേഹത്തിന്റെ പഠനകാലത്തെ സൂക്ഷ്മമായ സൗഹൃദങ്ങളുടെ പ്രകാശനമാണെന്നു മുന്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് ഫിലിപ്പ് ഓര്‍ക്കുന്നു.
മഹാത്മാഗാന്ധിയുടെയും ലോര്‍ഡ് ഇര്‍വിന്റെയും ജയപ്രകാശ് നാരായണന്റെയുമെല്ലാം കൈപ്പട പതിഞ്ഞ യുസി കോളജിലെ വിസിറ്റേഴ്സ് ഡയറിയില്‍ 2010 സെപ്റ്റംബര്‍ ആറിനു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കുറിച്ചു; 'വ്യത്യസ്തതകള്‍ക്കിടയിലും ഒരു കുടുംബം പോലെ നമുക്കു ജീവിക്കാം'.
യുസി കോളജിലെ പഠനാനുഭവങ്ങൾ മനസിൽ സൂക്ഷിച്ച വലിയ ഇടയൻ
11:40 PM May 05, 2021 | Deepika.com