കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസും മിനി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ വരികയായിരുന്ന മിനി വാനുമാണ് കൂട്ടിയിടിച്ചത്. മിനി വാൻ ഓടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര വണ്ടാനം പുതുവൽ വീട്ടിൽ മുനീർ (31) ആണ് മരിച്ചത്.
മുനീറിനൊപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയുടെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപത്തുവച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ പുരവൂർ സ്വദേശി സന്തോഷ് കുമാർ, കണ്ടക്ടർ ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി ട്വിസി എന്നിവർക്കും ബസ് യാത്രികരായ കല്ലട സ്വദേശിളായ വൽസല, പ്രസാദ്, കുളച്ചൽ സ്വദേശികളായ യൂജീൻ, രാജേഷ്, ചാത്തന്നൂർ സ്വദേശി സജിത, പുന്നപ്ര സ്വദേശി അനീഷ്, കല്ലൻ കോട് സ്വദേശികളായ റൂബിൻ, വിൽബർട്ട്, ആറ്റിങ്ങൽ സ്വദേശി സരളാ മണി, രാമനാഥപുരം വീര മുഹിയിദ്ദീൻ, നാഗർകോവിൽ സ്വദേശി വില്യം, കുളച്ചൽ സ്വദേശി രാജു, രാമനാഥപുരം സ്വദേശി മുത്തു കൃഷ്ണൻ, ചാത്തന്നൂർ സ്വദേശികളായ നിതീഷ്, അഖിലേഷ്, സുജിൻ, കല്ലുവാതുക്കൽ സ്വദേശിനി ഗീത, ചിറയിൻകീഴ് സ്വദേശി വിനോദ് ,തമിഴ്നാട് സ്വദേശി റസീൽ, ആറ്റിങ്ങൽ സ്വദേശി പ്രണവ്, അനൂപ്, നെടുമങ്ങാട് സ്വദേശി അക്ഷയ്, കുളച്ചൽ സ്വദേശി ആന്റണി, കൊല്ലം സ്വദേശി ജയകുമാർ എന്നിവർക്കുമാണു പരിക്കേറ്റത്. അപകടത്തിൽ മിനി വാനിന്റെ മുൻവശം പൂർണമായും തകർന്നു.അമിത വേഗതയിൽ തെറ്റായ ദിശയിലായിരുന്നു മിനിവാനെന്ന് പോലീസ് പറഞ്ഞു.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.പരിക്കേറ്റവരെ ചാത്തമ്പറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അര മണിക്കൂറിനുശേഷം ദേശീയ പാതയിൽ നാവായിക്കുളം മങ്ങാട്ടു വാതുക്കലിൽ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർദിശയിൽ വരികയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് തെന്നി നീങ്ങി.വശത്തെ സംരക്ഷണക്കല്ലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.അപകടത്തിൽ പരിക്കേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സതേടി.
കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
11:46 PM May 04, 2021 | Deepika.com