തൊടുപുഴ: ജില്ലയിൽ എൻഡിഎ വോട്ടുകളിൽ വൻചോർച്ച. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.19 ശതമാനമായിരുന്നു വോട്ട് വിഹിതമെങ്കിൽ ഇക്കുറിയിത് 7.76 ശതമാനത്തിലേക്ക് താഴ്ന്നു. പോസ്റ്റൽ ബാലറ്റടക്കം ജില്ലയിലാകെ 6,38,832 വോട്ടുകളാണ് അഞ്ച് മണ്ഡലങ്ങളിലുമായി പോൾ ചെയ്തത്.
ഇതിൽ 49,600 വോട്ടുകൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ നേടി.
ഏറ്റവും കൂടുതൽ വോട്ടുലഭിച്ചത് തൊടുപുഴയിലെ എൻഡിഎ സ്ഥാനാർഥി പി. ശ്യാംരാജിനാണ്. ഇദ്ദേഹം 21,263 വോട്ടുകൾ നേടി. ഇടുക്കിയിലെ ബിഡിജഐസ് സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ 9,286 വോട്ടും ഉടുന്പൻചോലയിലെ ബിഡിജഐസ് സ്ഥാനാർഥി സന്തോഷ് മാധവൻ 7,208 വോട്ടും നേടി. പീരുമേട്ടിലെ ബിജെപി സ്ഥാനാർഥി ശ്രീനഗരി രാജൻ 7,126 വോട്ടും ദേവികുളത്തെ എഐഡിഎംകെ (സ്വത.) സ്ഥാനാർഥി എസ്.
ഗണേഷൻ 4,717 വോട്ടും മാത്രമാണ് നേടിയത്.എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ 28,845 വോട്ടുകളും ഇടുക്കിയിൽ-27,403, ഉടുന്പൻചോലയിൽ-21799, പീരുമേട്ടിൽ 11,833, ദേവികുളത്ത് 9592 വോട്ടുകളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചത്.
2016-ൽ അഞ്ചുമണ്ഡലങ്ങളിൽ നിന്നായി 99,102 വോട്ടുകൾ എൻഡിഎ സഖ്യം നേടിയിരുന്നു. എന്നാൽ ഇത്തവണ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവാണുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്രഭരണവും മുൻനിർത്തി എൻഡിഎ ഇക്കുറി നിലമെച്ചപ്പെടുത്തുമെന്നായിരുന്നു മുന്നണിയുടെ കണക്കുക്കൂട്ടൽ. എന്നാൽ എൽഡിഎഫ് തരംഗത്തിൽ എൻഡിഎയുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉൾപ്പെടെ ജില്ലയിൽ പ്രചാരണത്തിനും എത്തിയിരുന്നെങ്കിലും എൻഡിഎയെ തുണച്ചില്ല.
ജില്ലയിൽ എൻഡിഎ വോട്ടുകളിൽ വൻചോർച്ച
10:04 PM May 02, 2021 | Deepika.com