മൂന്നാർ: ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എ.രാജയ്ക്ക് ജനങ്ങളുടെ കോടതിയിലും ത്രസിപ്പിക്കുന്ന ജയം. നാലുപതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം.
മത്സരത്തിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ യുഡിഎഫിലെ ഡി. കുമാറിനെ 7,847 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആരംഭത്തിൽ ഡി. കുമാർ നേരിയ മുൻതൂക്കം നേടിയിരുന്നെങ്കിലും പിന്നീട് രാജ ലീഡ് ക്രമാനുഗതമായി ഉയർത്തുകയായിരുന്നു. അവസാന റൗണ്ടിലെത്തിയപ്പോൾ ലീഡ് ഏഴായിരംപിന്നിട്ടു. മറയൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
യുഡിഎഫിനു സ്വാധീനമുള്ള ഇവിടെ മാത്രമാണ് ഡി.കുമാർ അല്പമെങ്കിലും ലീഡ് നേടിയത്. അവസാനം വോട്ടെണ്ണിയ ചിന്നക്കനാൽ പഞ്ചായത്തിൽ എൽഡിഎഫിന് മേൽക്കൈ ലഭിച്ചതോടെ രാജ വിജയം ഉറപ്പിച്ചു. മുൻ തെരഞ്ഞെടുപ്പുകളിൽ ഒരു തവണ മാത്രമാണ് ദേവികുളത്ത് ഭൂരിപക്ഷം പതിനായിരം കടന്നത്. 1980 ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജി.വരദൻ കോണ്‍ഗ്രസ് സ്ഥാനാർഥി പി.എ. പ്രകാശിനെ പരാജയപ്പെടുത്തിയത് 16,395 വോട്ടുകൾക്കായിരുന്നു.
ഇതിനു ശേഷം ഒരിക്കൽ പോലും ദേവികുളത്ത് ഭൂരിപക്ഷം പതിനായിരം കടന്നിട്ടില്ല.1991 മുതൽ തുടർച്ചയായി മൂന്നുതവണ വിജയിച്ച കോണ്‍ഗ്രസിലെ എ.കെ. മണിക്കും 2001 മുതൽ തുടർച്ചയായി മൂന്നു വട്ടം എംഎൽഎ ആയിരുന്ന സിപിഎമ്മിലെ എസ്. രാജേന്ദ്രനും ഭൂരിപക്ഷം മൂവായിരത്തിനും ഏഴായിരത്തിനും ഇടയിലായിരുന്നു.
തൊഴിലാളികൾക്ക് മേധാവിത്വമുള്ള തോട്ടം മേഖലയിൽ ട്രേഡ് യൂണിയൻ വക്താവല്ലാത്ത രാജ നേടിയ വിജയം ദേവികുളത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ് വാതിൽ തുറക്കുന്നത്.
ജനങ്ങളുടെ കോടതിയിലും വിജയം അഡ്വ. എ. രാജയ്ക്ക്
09:59 PM May 02, 2021 | Deepika.com