ചെറുതോണി: കേരളം ഫലപ്രഖ്യാപന ചൂടിലേക്ക് പോയപ്പോഴും കടമകൾ മറക്കാതെ ഇടുക്കി രൂപതയിലെ യുവജനങ്ങൾ കർമമേഖലയിൽ കർത്തവ്യനിരതരായി.
കോവിഡിന്റെ മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്പോൾ മരണപ്പെട്ടവരെ മറവുചെയ്യാൻപോലും ആരും മുന്നോട്ടുവരാത്ത സാഹചര്യമാണുള്ളത്. മരണമടഞ്ഞവരെ സംസ്കരിക്കാൻ കെസിവൈഎം സധൈര്യം മുന്നിട്ടിറങ്ങിയിരിക്കയാണ്.
കോവിഡ് ബാധിച്ചു മരിച്ച കന്പിളികണ്ടം സ്വദേശിനിയെ പാറത്തോട് സെന്റ് ജോർജ് ഫോറോന പള്ളിയിലും കല്ലാർകുട്ടി സ്വദേശിയായ ഗൃഹനാഥനെ കല്ലാർക്കുട്ടി സെന്റ് ജോസഫ് പള്ളിയിലും കെസിവൈഎം പ്രവർത്തകർ സംസ്കരിച്ചു.
ഇതോടെ കോവിഡ് ബാധിച്ചു മരിച്ച വിവിധ മതസ്ഥരായ 38-ഓളം ആളുകളുടെ സംസ്കാരചടങ്ങുകൾക്കാണ് കെസിവൈഎം നേതൃത്വം നൽകിയത്. രുപത ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, പ്രസിഡന്റ് അലക്സ് തോമസ്, ടോമിൻ അഗസ്റ്റിൻ, ജെറിൻ എ. റെജി, ബിജോ ബൈജു, എബിൻ മാത്യു, സോണി ജോസഫ്, ജിബിൽ റെജി എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വംനൽകി .
ഫലപ്രഖ്യാപന ദിനത്തിലും കർത്തവ്യ നിരതരായി കെസിവൈഎം
09:59 PM May 02, 2021 | Deepika.com