രാജാക്കാട്: എൻആർ സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന സ്വന്തം വീട്ടിൽ വയറിംഗ് ജോലികൾ നടത്തുകയായിരുന്ന യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. രാജാക്കാട് ടൗണിൽ ജൻ ഒൗഷധി ഷോപ്പ് നടത്തുന്ന എൻആർ സിറ്റി ഓലിക്കൽ അജീഷ് (36) ആണ് മരിച്ചത്.എൻ.ആർ സിറ്റിക്കു സമീപം പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ വയറിംഗ് ജോലികൾ അജീഷ് തനിച്ചാണ് ചെയ്തിരുന്നത്. ഇന്നലെ ഭാര്യ അരുണയ്ക്കും മൂന്നര വയസുള്ള മകൾ ആതികേഷിനുമൊപ്പം രാവിലെ ജോലികൾക്കായി എത്തിയിരുന്നു. ഉച്ചയോടെ ഭാര്യയെയും മകളെയും എൻആർ സിറ്റിയിലെ തറവാട് വീട്ടിൽ കൊണ്ടുവിട്ടശേഷം വയറിംഗ് ജോലികൾ തുടരുന്നതിനായി മടങ്ങിപ്പോയി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചായയുമായി എത്തിയ കുടുംബാംഗങ്ങൾ ഷോക്കേറ്റ് മരിച്ചുകിടക്കുന്ന അജീഷിനെയാണ് കണ്ടത്.രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് : വാസുദേവൻ, മാതാവ്: പരേതയായ വിലാസിനി. ഏക സഹോദരി ആതിര.