വൈപ്പിൻ: വൈപ്പിനിലെ കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു അഡ്വ. എം.വി. പോൾ എന്ന് സർവകക്ഷി അനുശോചനയോഗം. യുഡിഎഫ് കണ്വീനർ എം.വി. പോൾ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്.
ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം കിട്ടാതിരുന്ന പോളിന്റെ പേരായിരുന്നു കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും വൈപ്പിനിൽ യുഡിഎഫ് പരിഗണിച്ചിരുന്നത്. ഇക്കുറി അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല.
1991 മുതലാണ് വൈപ്പിനിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അമരക്കാരനായത്. തുടർന്ന് നാളിതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ സ്ഥാനം തുടർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അദ്ദേഹം ചെയർമാനായിരുന്നു. യൂത്ത് കോണ്ഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോണ്ഗ്രസ് നിർവാഹകസമിതിയംഗം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പറവൂർ കോടതിയിലെ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയാണ്. എം.വി. പോളിന്റെ മരണത്തിൽ മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നിവർ മകൻ വർക്കി പോളിനെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിമാരായ ജെയ്സണ് ജോസഫ്, പി. അബ്ദുൾ മുത്തലിബ്, പി.ടി. തോമസ് എംൽഎ എന്നിവർ റീത്ത് സമർപ്പിച്ചു.
വി.എം. സുധീരനുവേണ്ടി പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജും, ഹൈബി ഈഡൻ എംപിക്ക് വേണ്ടി യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയും റീത്തു സമർപ്പിച്ചു.
എംഎൽഎമാരായ റോജി എം ജോണ്, ടി.ജെ. വിനോദ്, ബന്നി ബഹനാൻ എംപി, കെ.പി. ധനപാലൻ , മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമനിക് പ്രസന്റേഷൻ, മുൻ മേയർ ടോണി ചമ്മിണി , ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ജെ.ടോമി, മുനന്പം സന്തോഷ്, വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ഡോണോ, യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേരിട്ടെത്തി അനുശോചനം അറിയിച്ചു.
സംസ്കാരത്തിനുശേഷം വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ വി.എസ്. സോളിരാജ് അധ്യക്ഷനായി.
ഓർമയായത് വൈപ്പിനിലെ യുഡിഎഫ് അമരക്കാരൻ
11:38 PM May 01, 2021 | Deepika.com