വൈപ്പിൻ: പൊതുഗതാഗതത്തിനു തടസമില്ലെങ്കിലും വൈപ്പിൻ കരയിലെ ആറു പഞ്ചായത്തുകളിൽ നാലും പൂർണമായി കണ്ടെയ്ൻമെന്റ് സോണായതോടെ സ്വകാര്യ ബസ് സർവീസിനു കനത്ത തിരിച്ചടിയായി. ഇതോടെ യാത്രക്കാരില്ലാതെ വന്നതിനെ തുടർന്ന് ഇന്നലെ മുതൽ മിക്ക ബസുകളും സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് ബസുടമാസംഘം നേതാക്കൾ അറിയിച്ചു.
കണ്ടെയ്ന്റ്മെന്റ് സോണുകളിൽ ഇടയ്ക്ക് നിർത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. ലംഘിച്ചാൽ പിടിവീഴും. പിഴയടക്കേണ്ടിവരും.
എറണാകുളത്തേക്കുള്ള ബസുകൾ എടവനക്കാട് അണിയൽ ബസാറിൽ നിർത്തിയാൽ പിന്നെ 14 കിലോമീറ്റർ ഓടി വല്ലാർപാടത്തെ നിർത്താനാവു. ഇതിനിടയിലുള്ള നായരന്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, പഞ്ചായത്തുകളിൽ നിർത്താൻ പാടില്ല.
കണ്ടെയ്ന്റ്മെന്റ് സോണായ പള്ളിപ്പുറം പഞ്ചായത്തിലും ബസ് നിർത്താൻ പറ്റാത്ത സാഹചര്യമാണ്. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ പൊതുവെ യാത്രക്കാർ കുറവായിരുന്നെങ്കിലും ഏതാനും ചില ബസുകൾ ട്രിപ്പുകൾ കുറച്ച് സർവീസ് നടത്തിയിരുന്നതാണ്.
ഇപ്പോൾ യാത്രക്കാരില്ലാതെയായപ്പോൾ ഇന്ധനക്കാശുപോലും ഒക്കാതെ വന്നപ്പോഴാണ് ബസുകളെല്ലാം ഷെഡിൽ കയറ്റിയത്.
വൈപ്പിനിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി
11:37 PM May 01, 2021 | Deepika.com