തൊടുപുഴ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിന് തയാറാക്കിയ കലണ്ടർ പുതുക്കി സർക്കാർ ഉത്തരവിറക്കി. പല തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ ശേഖരണവും തരംതിരിക്കലും ക്ലീൻ കേരള കന്പനിയ്ക്ക് കൈമാറലും ഫലപ്രദമായി നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കർമസേനയുടെയും എംസിഎഫ്, ആർആർഎഫ് എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ കലണ്ടർ തദ്ദേശ ഭരണവകുപ്പ് പുറത്തിറക്കിയത്. ഓരോ മാസവും ശേഖരിക്കേണ്ട മാലിന്യങ്ങളുടെ പട്ടിക കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കലണ്ടർ അച്ചടിച്ച് ഹരിത കർമ സേനയ്ക്കും വീടുകളിലും സ്ഥാപനങ്ങളിലും ഈമാസം പത്തിനകം എത്തിക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പർ, പാൽകവർ, കടകളിൽനിന്നും സാധനങ്ങൾ വാങ്ങുന്പോൾ ലഭിക്കുന്ന പായ്ക്കറ്റ് കവറുകൾ തുടങ്ങിയവ എല്ലാ മാസവും ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കണം. ഇതിനു പുറമെയാണ് ഓരോ മാസവും ശേഖരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
ഓരോ മാസവും ശേഖരിക്കേണ്ടവ ഇവയാണ്. ജനുവരി- പഴയ ചെരുപ്പ്, ബാഗ്, മരുന്ന് സ്ട്രിപ്പുകൾ. ഫെബ്രുവരി-കണ്ണാടി, കുപ്പി, ചില്ല് മാലിന്യം. മാർച്ച്- ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി ഉൾപ്പെടെ ), മരുന്ന് സ്ട്രിപ്പുകൾ. ഏപ്രിൽ - പഴയ ചെരുപ്പ്, ബാഗ്, തുണി മാലിന്യങ്ങൾ. മേയ്- കണ്ണാടി, കുപ്പി, ചില്ല് മാലിന്യങ്ങൾ. ജൂണ്- ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി ഉൾപ്പെടെ ), മരുന്ന് സ്ട്രിപ്പുകൾ. ജൂലൈ- പഴയ ചെരുപ്പ്, ബാഗ്. ഓഗസ്റ്റ്- കണ്ണാടി, കുപ്പി, ചില്ല് മാലിന്യം. സെപ്റ്റംബർ- മരുന്ന് സ്ട്രിപ്പുകൾ, തുണി മാലിന്യങ്ങൾ. ഒക്ടോബർ - പഴയ ചെരുപ്പ്, ബാഗ്. നവംബർ -കണ്ണാടി, കുപ്പി, ചില്ല് മാലിന്യം. ഡിസംബർ- ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി ഉൾപ്പെടെ), മരുന്ന് സ്ട്രിപ്പുകൾ.ജൈവ മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാല മാലിന്യങ്ങൾ, മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ, ജൈവ സ്വഭാവമുള്ള മറ്റ് മാലിന്യങ്ങൾ, രാസ പദാർഥങ്ങളും ഇന്ധനങ്ങളും നിറയ്ക്കുന്ന ബോട്ടിലുകൾ, സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗാർഹിക മെഡിക്കൽ വേസ്റ്റ് തുടങ്ങിയവ എംസിഎഫിൽ എത്താതിരിക്കാനാവശ്യമായ മുൻ കരുതലുകൾ പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണം: പുതിയ കലണ്ടർ പുറത്തിറക്കി
10:19 PM May 01, 2021 | Deepika.com