മൂന്നാർ: കോവിഡിന്റെ ആഘാതം ഈവർഷത്തെ തൊഴിലാളി ദിനത്തെ വിരസമാക്കിയെങ്കിലും വിട്ടുകൊടുക്കാൻ ഭാവമില്ലാതെ അധ്വാനത്തിന്റെ പത്തരമാറ്റുമായി തെരുവിലേക്കിറങ്ങി. നാടിന്റെ ശോഭ കെടാതെ കാക്കാൻ എന്നും കർത്തവ്യബോധവുമായി പണിക്കിറങ്ങിയ ശുചീകരണ തൊഴിലാളികൾ മാത്രമായിരുന്നു തൊഴിലാളി ദിനത്തിന്റെ തൊഴിലാളികളെ പേരെടുത്തു പറയാൻ പ്രേരിപ്പിച്ചത്. മൂന്നാർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളാണ് തൊഴിലാളി ദിനത്തിൽ അധ്വാനത്തിന്റെ കൈക്കരുത്തുള്ള കാഴ്ചയായി മാറിയത്. സ്ത്രീ തൊഴിലാളടക്കമുള്ള എഴുപതോളംപേരാണ് മൂന്നാർ പഞ്ചായത്തിൽ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.
വിസ്തൃതമായ ഭൂപ്രദേശങ്ങളുള്ള മൂന്നാർ പഞ്ചായത്തിൽ മാലിന്യനിർമാർജനം ഒരുദിവസം നിർത്തിവച്ചാൽപോലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാഹചര്യമുള്ള നിലയിലാണ് തൊഴിലാളികൾ പണിക്കെത്തിയത്. കഴിഞ്ഞവർഷം രാജ്യം മുഴുവൻ ലോക്ക് ഡൗണ്‍ ആയ നാളുകളിലും ഒരുദിവസംപോലും വിശ്രമമില്ലാതെ തെരുവിലിറങ്ങിയ ശുചീകരണ തൊഴിലാളികൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ശുചീകരണ തൊഴിലാളികളുടെ ഈ അർപ്പണമനോഭാവത്തിന് നാട്ടുകാരും ഭരണകൂടവുംചേർന്ന് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ശുചീകരണം നടത്തി
കട്ടപ്പന: തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ അമരാവതി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നാംമൈലിൽ ശുചീകരണം നടത്തി. ക്ലീൻ കുമളി ഗ്രീൻ കുമളി പ്രവർത്തകരുമൊത്താണ് മാലിന്യങ്ങൾ നീക്കംചെയ്തത്. കുമളി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ദിഖ് ഉദ്ഘാടനംചെയ്തു.
തൊഴിലാളി ദിനത്തിൽ അധ്വാനത്തിന്റെ തിളക്കവുമായി ശുചീകരണ തൊഴിലാളികൾ
10:19 PM May 01, 2021 | Deepika.com