നെടുങ്കണ്ടം: റെയിൽവേ ജീവനക്കാരൻ കോവിഡ് വ്യാപന സാഹചര്യമൊരുക്കിയതായും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പട്ടംകോളനി മെഡിക്കൽ ഓഫിസർ വി.കെ. പ്രശാന്ത് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. ചോറ്റുപാറ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ ലാൽ ആർടി-പിസിആർ ടെസ്റ്റിനു വിധേയമായിരുന്നു. ഫലം വരുന്നതുവരെ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
എന്നാൽ പൊതുനിരത്തിൽ ലാൽ പോലീസുകാരുമായി കലഹത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ലാൽ കോവിഡ് പോസിറ്റീവായി. നിലവിൽ ലാൽ നെടുങ്കണ്ടം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്.
നിരീക്ഷണകാലത്ത് പൊതുനിരത്തിൽ ഇറങ്ങി കോവിഡ് ചട്ടങ്ങൾ ലംഘിക്കുകയും കലഹമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതര സന്പർക്ക പട്ടികയാണുണ്ടായത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം 17 പേരുടെ സന്പർക്കപ്പട്ടികയാണ് തയാറാക്കിയത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ഓഫിസർ ഡിഎംഓയ്ക്ക് റിപ്പോർട്ട് നൽകിയത്.
കോവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കിയെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്
10:19 PM May 01, 2021 | Deepika.com