കരിന്പൻ: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് ഒന്നാം ചരമവാർഷികത്തിൽ ശോഭമങ്ങാത്ത അനുസ്മരണം. ഇടുക്കി രൂപതയുടേയും ഹൈറേഞ്ചിന്േറയും സമഗ്രവളർച്ചയ്ക്കായി പ്രയത്നിച്ച ഇടയനെ മലയോരമക്കൾ നന്ദിയോടെ അനുസ്മരിച്ചു.
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കബറിടം സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ രാവിലെ 10.30-ന് അനുസ്മരണ ശുശ്രൂഷകൾ ആരംഭിച്ചു. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, ചാൻസലർ ഫാ. ജോർജ് തകിടിയേൽ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ സഹകാർമികരായിരുന്നു. മോണ്‍. ഏബ്രഹാം പുറയാറ്റ് അനുസ്മരണാസന്ദേശം നല്കി.
വിശുദ്ധ കുർബാനയ്ക്കുശേഷം കബറിടത്തിങ്കൽ അനുസ്മരണ പ്രാർഥനയും ശ്രാദ്ധത്തിന്റെ കർമങ്ങളും നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രമായിരുന്നു ചടങ്ങിൽ സംബന്ധിച്ചത്. ആളുകൾക്ക് പങ്കെടുക്കാനായി കേബിൾ നെറ്റ് വർക്കിലും സോഷ്യൽ മീഡിയായിലും തത്സമയ സംപ്രേഷണം നടത്തിയിരുന്നു.
മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംപി. അഡ്വ. ജോയ്സ് ജോർജ്്, സി.വി. വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. വാർഷികാചരണത്തിന്റെ ജനറൽ കണ്‍വീനർ മോണ്‍. ജോസ് പ്ലാച്ചിക്കൽ നന്ദി പറഞ്ഞു.
ഡോക്കുമെന്ററി പ്രകാശനംചെയ്തു
ചെറുതോണി: അജപാലനരംഗത്തും മലയോര കർഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കെസിവൈഎം ഇടുക്കി രൂപത സമതി മെത്രാന്റെ ജീവിത ചരിത്രം പകർത്തി ഡോക്കുമെന്ററി പുറത്തിറക്കി. ’പിതാമഹം’ എന്ന പേരിൽ തയാറാക്കിയിരിക്കുന്ന ഡോക്കുമെന്ററിയുടെ പ്രകാശനം മാർ ആനിക്കുഴിക്കാട്ടിലിന്റെ കബറിടത്തിങ്കൽ നടത്തിയ ചടങ്ങുകൾക്കുശേഷം ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ നിർവഹിച്ചു.
ആൽബർട്ട് റെജി സംവിധാനംചെയ്ത ഡോക്കുമെന്ററിക്ക് അനു, അമൽ, ജിജു, ബിജോ, അലൻ, ജെറിൻ, ഫാ. മാത്യു ഞവരക്കാട്ട് എന്നിവർ നേതൃത്വംനൽകി.
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് ഇടുക്കിയുടെ അനുസ്മരണം
10:19 PM May 01, 2021 | Deepika.com