പീരുമേട്: ഒടുവിൽ ജോണി പിയേർസിന് സഹായ വാഗ്ദാനവുമായി അമേരിക്കൻ എംബസി. കോവിഡ് ഭീതിയിൽ വാഗമണ്ണിൽ തനിച്ച് താമസിക്കുന്ന ജോണി പിയേർസിന് വാക്സിൻ ലഭ്യമാക്കുമെന്ന് ചെന്നെയിലെ അമേരിക്കൻ കോണ്‍സുലേറ്റിൽനിന്നും ഫോണിൽ ബന്ധപ്പെട്ട് ഉറപ്പുനല്‍കി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായി ഉയരുന്പോൾ അമേരിക്കയിലേക്ക് മടങ്ങിപ്പോകുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജോണി എംബസിയെ ബോധ്യപ്പെടുത്തി. തുടർന്ന് ചൊവ്വാഴ്ച ഖത്തർ വഴി പോകുന്ന കണക്ഷൻ ഫ്ലൈറ്റിൽ തിരികെ നാട്ടിൽ എത്തുവാൻ ടിക്കറ്റ് ബുക്കുചെയ്തു.
ജനുവരി മുതൽ വാക്സിൻ സ്വീകരിക്കുന്നതിനായി ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ ഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്‍കൂ എന്ന മറുപടി നല്കി ആശുപത്രി അധികൃതർ ജോണിയെ മടക്കി അയക്കുകയായിരുന്നു. ഇന്നലെയാണ് ജോണിയുടെ ദയനീയ അവസ്ഥ മാധ്യമങ്ങളിൽ വാർത്തയാകുന്നത്. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് എംബസി വിഷയത്തിൽ ഇടപെട്ടത്.
വിനോദ സഞ്ചാരത്തിനായി കേരളത്തിൽ എത്തിയശേഷം 14 മാസമായി വിസ കാലാവധി പുതുക്കി വാഗമണ്ണിൽ കഴിയുകയായിരുന്നു എഴുപത്തഞ്ചുകാരനായ ജോണി. കോവിഡ് വ്യാപനം പൂർണമായും തടയുവാൻ തന്നെപോലെ തന്നെ ഇന്ത്യയിൽ പല ആവശ്യങ്ങൾക്കായി കഴിയുന്ന വിദേശികൾക്കും വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിൽനിന്നും നീക്കമുണ്ടാകണമെന്ന് ജോണി പിയേർസ് പറഞ്ഞു.
ജോണി പിയേർസിന് സഹായവുമായി അമേരിക്കൻ എംബസി
10:16 PM May 01, 2021 | Deepika.com