തൊടുപുഴ: കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തിൽ ചരിത്രത്തിൽ ആദ്യമായി ആഹ്ളാദാരവങ്ങൾ ഇല്ലാത്ത ദിനമായി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറും.
ഫലപ്രഖ്യാപനത്തിൽ മാത്രമല്ല അതിനുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽപോലും ഇതുവരെ കാണാത്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണലിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും സ്ഥാനാർഥികളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു അനുവാദമുള്ളൂ. വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു ചുറ്റും കൂട്ടംകൂടുന്നതിനും കർശന വിലക്കുണ്ട്. ഫലപ്രഖ്യാപനം വന്നാൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും യാതൊരുവിധ ആഹ്ളാദ പ്രകടനങ്ങളും നടത്താൻ ഇത്തവണ അനുവാദമില്ല.
ടിവിക്കുമുന്നിലിരുന്ന് മാത്രം ഫലമറിയേണ്ടിവരുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഫലത്തിന്റെ ട്രെൻഡ് അറിയാനും മാർഗമില്ല. അതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ് വെയർ പിൻവലിച്ചതാണ് അതിനുകാരണം. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിനെ ആശ്രയിക്കുക മാത്രമാണ് ഫല സൂചന ഇടയ്ക്കിടെ അറിയാനുള്ള ഏക പോംവഴി.
ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സ്വന്തം വീട് വിട്ട് പുറത്തുപോകാനും പ്രവർത്തകർക്കു കഴിയില്ല.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിനത്തിൽ രാവിലെ തന്നെ അലങ്കരിച്ച വാഹനങ്ങളുമായി പ്രവർത്തകർ ആവേശത്തോടെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തുന്ന പതിവാണുണ്ടായിരുന്നത്.
തലമുണ്ഡനം ഉൾപ്പെടെയുള്ള വീറുംവാശിയും നിറഞ്ഞ പന്തയങ്ങളും പടക്കം പൊട്ടിക്കലും വിജയിച്ച സ്ഥാനാർഥിയുമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും മുദ്രാവാക്യം വിളികളുമായി അണികളുടെ ആഹ്ലാദപ്രകടനങ്ങളുമെല്ലാം ഇത്തവണ മധുരസ്മരണ മാത്രമായി അവശേഷിക്കും. ഇതോടൊപ്പം മധുരപലഹാര വിതരണം, പായസവിതരണം, ഹാരാർപ്പണം തുടങ്ങിയവയൊന്നും നടത്താൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് പ്രവർത്തകർ.
ഫലപ്രഖ്യാപനം: ആഹ്ളാദാരവങ്ങളില്ലാതെ
11:02 PM Apr 30, 2021 | Deepika.com