ഗൂഡല്ലൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം അടച്ചു. ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, പൈക്കാര ബോട്ട് ഹൗസ്, കുന്നൂർ സിംസ് പാർക്ക്, ഗൂഡല്ലൂർ സൂചിമല, മുതുമല കടുവാസംരക്ഷണ കേന്ദ്രം, കോത്തഗിരി നെഹ്റു പാർക്ക് എന്നിവ അടച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉൾപ്പെടും. ഊട്ടി പർവത തീവണ്ടി സർവീസും റദ്ദാക്കി.
ഊട്ടിയിൽനിന്നു കോയന്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള രാത്രി ബസ് സർവീസ് താത്കാലികമായി നിർത്തിവച്ചു. ഊട്ടിയിൽ നിയന്ത്രണവിധേയമായി സഞ്ചാരികൾക്കു പ്രവേശനാനുമതി നൽകണമെന്നു ആവശ്യപ്പെട്ടു ആർ. ഗണേഷ് എംഎൽഎ ജില്ലാ കളക്ടർക്ക് കത്തു നൽകി.
കോവിഡ് പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് ടൂറിസം-വ്യാപാര മേഖലകളെ ഉപജീവനത്തിനു ആശ്രയിക്കുന്നവരെ പ്രതിസന്ധിയിലാക്കിയെന്നു വിശദീകരിക്കുന്നതാണ് കത്ത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുന്നൂർ ഇൻകോ സർവ് കേന്ദ്രത്തിൽ അവലോകന യോഗം നടത്തി. ഇൻകോ സർവ് എംഡിയും ജില്ലാ കോവിഡ് സ്പെഷൽ ഓഫീസറുമായ സുപ്രിയ സാഹു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജെ. ഇന്നസെന്റ് ദിവ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഡോ.പഴനിസ്വാമി, ഡോ.ബാലുസ്വാമി, മനോഹരി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ ഇതുവരെ 1.5 ലക്ഷം പേരിൽ കോവിഡ് വാക്സിൻ കുത്തിവയ്പ് നടത്തി.
ഏതാനും പേരിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ഗൂഡല്ലൂർ താലൂക്കിലെ ധർമപുരി, മാർത്തോമ്മാനഗർ, സൗണ്ടൻകൊല്ലി പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ പരിശോധന നടത്തി.
നീലഗിരിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
12:30 AM Apr 22, 2021 | Deepika.com