മാനന്തവാടി: വർഷങ്ങളായി തകർന്നുകിടക്കുന്ന ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2014 ലാണ് കോടികൾ മുടക്കി ചെറ്റപ്പാലം-വള്ളിയൂർക്കാവ്-എരുമത്തെരുവ്-കുനാർവയൽ ബൈപ്പാസ് നിർമിച്ചത്. എന്നാൽ താലൂക്കിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബൈപ്പാസ് എന്ന് വിശേഷിപ്പിക്കാവുന്ന ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപാസ് റോഡ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. റോഡിന്റെ ഉദ്ഘാടനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കർണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ കൽപ്പറ്റ, ബത്തേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയുന്ന എളുപ്പമാർഗം കൂടിയാണിത്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്പോഴാണ് ഈ റോഡിന്റെ പ്രാധാന്യം ബോധ്യമാകുന്നത്. നഗരത്തിലെ മറ്റ് റോഡുകളൊക്കെ നവീകരിച്ചെങ്കിലും ഈ റോഡിനോട് മാത്രം അവഗണനയാണെന്നാണ് യാത്രക്കാരുടെ പരാതി. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. മറ്റ് ചെറുവാഹനങ്ങൾക്ക് നാശനഷ്ട്ടങ്ങളും സംഭവിക്കാറുണ്ട്.
മഴകൂടി പെയ്യുന്നതോടെ ഇതിലൂടെയുള്ള യാത്ര ദുരിതം ഇരട്ടിയാവുകയാണ്. വെള്ളം കെട്ടിനിന്ന് കുഴിയറിയാതെ വാഹനങ്ങൾക്ക് അപകടങ്ങൾ സംഭവിക്കുന്നതിന് പുറമേ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. വലിയ ഗർത്തങ്ങൾ കാരണം വാഹനങ്ങൾക്ക് കടന്ന് പോകാനോ കാൽനടയാത്രക്കാർക്ക് മാറി നിൽക്കാനോ സൗകര്യമില്ല. രണ്ട് തവണ സ്വകാര്യ വ്യക്തി പണം മുടക്കി നാട്ടുകാർ ശ്രമദാനമായി കുഴികൾ അടച്ചിരുന്നു. ആര് ഭരണത്തിൽ വന്നാലും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിലാണ് പൊതുജനം.
ഗതാഗതയോഗ്യമാക്കണമെന്ന്
12:30 AM Apr 22, 2021 | Deepika.com