വിഴിഞ്ഞം: ആർടിപിസിആർ സാമ്പിൾ കളക്ഷനൊപ്പം 27 പേർക്ക് മാത്രം നടത്തിയ ആന്റിജൻ ടെസ്റ്റിൽ വിഴിഞ്ഞം മുക്കോലയിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടയിൽകോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ പടരുമ്പോഴും ആർടിപിസിആർ ടെസ്റ്റ് നടത്തി രോഗം കണ്ടെത്തുന്നതിനുള്ള കാലതാമസം വരുത്തുന്നത് കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് വഴിതെളിക്കുമെന്ന ആക്ഷേപവും ഉയരുന്നു.
നാല് ദിവസം മുന്പ് നടത്തിയ പരിശോധന ഫലം പോലും ഭൂരിഭാഗം സ്ഥലങ്ങളിലും പൂർണമായി എത്തിയില്ലെന്ന് അധികൃതർ പറയുന്നു. സാമ്പിൾ കളക്ഷൻ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് ഫലമറിയുന്നതിന് മുൻ രോഗം പോസിറ്റീവാകുന്ന വ്യക്തിയുടെ സമ്പർക്കവും വലുതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇത് രോഗം പെട്ടെന്ന് പടർന്ന് പിടിക്കുന്നതിന് വഴിതെളിച്ചു. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തി രോഗിയെന്ന് കണ്ടെത്തുന്നവരെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്വാറന്റൈനിലാക്കിയാണ് രോഗത്തെ തടഞ്ഞു നിർത്തിയത്.
വീടുകളിൽ നിരീക്ഷണ സംവിധാനമില്ലാത്തവരെ കാലതാമസം കൂടാതെ നിരീക്ഷണത്തിലാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലിക ആശുപത്രികളും സ്ഥാപിച്ച് ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തി.നിലവിൽ മാസ് പരിശോധന നടത്തി സാമ്പിൾ കളക്ഷൻ നടത്തിയെങ്കിലും ഫലമറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്നതായി ആരോപണമുണ്ട്.
ദിവസങ്ങൾക്ക് ശേഷം വരുന്ന ലിസ്റ്റിൽ നിന്ന് പോസിറ്റീവാകുന്നവരെ കണ്ടെത്തി ക്വാറന്റൈനിലാക്കാൻ ആരോഗ്യ വകുപ്പധികൃതർക്ക് നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. ഇതിനിടയിൽ പോസിറ്റീവായവരിൽ നിന്ന് നിരവധി പേർക്ക് വൈറസ് പകർന്നിരിക്കുമെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. കൂടാതെ ഒരു ദിവസം ശേഖരിക്കുന്ന സാമ്പിളിന്റെ ഫലം ഒരുമിച്ച് വരാത്തതും പ്രശ്നമായി.മതിയായ പരിശോധന സംവിധാനമില്ലാത്തതാണ് കാലതാമസത്തിന് കാരണമായി അധികൃതർ പറയുന്നത്. ഒരാഴ്ച മുന്പ് പത്തോളം പേർ മാത്രം ചികിത്സയിലായിരുന്ന വിഴിഞ്ഞം സിഎച്ച്സിയിൽ ഇപ്പോൾ രോഗികളുടെ എണ്ണം നൂറോളമെത്തി. നാല് ദിവസം മുൻപത്തെ മാസ് കളക്ഷനുവേണ്ടി ശേഖരിച്ച നിരവധി പേരൂടെ ഫലം ഇനിയും എത്താനുണ്ട്.
കോട്ടുകാൽ പഞ്ചായത്തിൽ രോഗം വന്ന് മാറിയ ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ച ജനപ്രതിനിധിയുൾപ്പെടെ രണ്ട് ദിവസത്തിനുള്ളിൽ അൻപതോളം പേർക്ക് രോഗം പോസിറ്റീവായി .കാഞ്ഞിരംകുളത്തും കരിംകുളത്തും പൂവാറിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവുള്ളതായി അധികൃതർ പറയുന്നു.
പൂവാർ സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുപുറം പഴയകട, പുലവുങ്കൽ എന്നിവിടങ്ങൾ ഇന്നലെ മുതൽ കണ്ടെയ്ൻമെന്റ് സോണായി. എല്ലായിടത്തും പഞ്ചായത്ത്, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ഊർജിതമായി ആരംഭിച്ചതായും അധികൃതർ പറയുന്നു.
മുക്കോലയിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
11:54 PM Apr 21, 2021 | Deepika.com