പോരൂർക്കട: സർക്കാർ ജോലി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെയും കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ആവടി സ്വദേശി ശിവകുമാർ (51), തമിഴ്നാട്ടിൽ താമസിക്കുന്ന തിരുവനന്തപുരം കാച്ചാണി ശ്രീശൈലം വീട്ടിൽ അശോക് കുമാർ (51) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈഞ്ചയ്ക്കലിലെ ഹോട്ടലിൽ മുറിയെടുത്ത് എസ്.എസ്. വെരിഫിക്കേഷൻ സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് തൊഴിൽ അന്വേഷകരായ നിരവധി യുവാക്കളിൽ നിന്നും പ്രതികൾ പണം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിൽ സെക്യൂരിറ്റിയായി ജോലി തരപ്പെടുത്തി കൊടുത്തിരുന്ന ശിവകുമാർ കേന്ദ്രസർക്കാരിന്റെ വെരിഫിക്കേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്നും ആദ്യം 5530 രൂപ രജിസ്ട്രേഷൻ ഫീസും രേഖകളും ഫോട്ടോയും വാങ്ങുകയും തുടർന്ന് ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. വാങ്ങിയ തുകയ്ക്ക് വ്യാജരശീതും നൽകിയശേഷം അപ്പോയിൻമെന്റ് ലെറ്റർ കിട്ടുമ്പോൾ 50,000 രൂപ കൂടി നൽകണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികൾ 23ഓളം പേരെ ഇത്തരത്തിൽ വ്യാജ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു.
ഇന്റർവ്യൂ നടത്തിപ്പിലും പ്രതികളുടെ പെരുമാറ്റത്തിലും സംശയം തോന്നിയ മുട്ടത്തറ സ്വദേശി ആനന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര് പിടിയിലായത്.
പ്രതികൾ സമാനരീതിയിൽ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.വൈഭവ് സക്സേന അറിയിച്ചു. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അനിൽദാസിന്റെ നേതൃത്വത്തിൽ ഫോർട്ട് എസ്എച്ച്ഒ സി. ബിനു, എസ്ഐമാരായ സി.കെ.വേണു സുഭാഷ്, സിപിഒമാരായ ബിനു, സാബു, വിനോദ്, സുജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
11:52 PM Apr 21, 2021 | Deepika.com