ഭൂമാഫിയ റോഡ് തകർത്തതായി പരാതി
11:52 PM Apr 21, 2021 | Deepika.com
കാട്ടാക്കട : മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽഏലാ റോഡ് ഭൂമാഫിയ തകർത്തതായി പരാതി. അരുമാളൂർ അരുവിയോടിനു സമീപം കുന്നിടിച്ച മണ്ണുമായി പോകുന്നവാഹനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ റോഡിൽ കാൽനട യാത്ര പോലും നടത്താൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതോടെ റോഡ് ചെളിക്കുളമായെന്നും ഇരു ചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് രൂക്ഷമാണെന്നും ഇവർക്കെതിര അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നും നാട്ടുകാർ പറയുന്നു.