ഗൂഡല്ലൂർ: മഴയ്ക്കിടെ മിന്നലേറ്റു വിദ്യാർഥിനി മരിച്ചു. പത്തു വയസുകാരിക്കു പരിക്കേറ്റു. അന്പലമൂല കൊട്ടാട് കണ്ണയംവയൽ രാമകൃഷ്ണന്റെ മകളും അന്പലമൂല ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയുമായ കോകിലയാണ്(കാർത്തിക-15) മരിച്ചത്. നെല്ലിയാളം ടാൻടി നാലാം ഡിവിഷനിലെ രവിയുടെ മകൾ ജീവപ്രിയയ്ക്കാണ് പരുക്കേറ്റത്. കൊളപ്പള്ളിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജീവപ്രിയയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കണയൻവയലിനു സമീപം കടുക്കാസിറ്റിയിൽ സ്വകാര്യ തേയിലത്തോട്ടത്തിലെ ഷെഡിൽ നിൽക്കവെയാണ് കുട്ടികൾക്കു മിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ കോകിലയെ പാട്ടവയലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോകിലയുടെ ഇളയച്ഛനാണ് രവി. രവിക്കും കുടുംബത്തിനും ഒപ്പമാണ് കോകില കടുക്കാസിറ്റിയിലെത്തിയത്. പാട്ടത്തിനെടുത്ത തോട്ടത്തിൽ തേയില ശേഖരിക്കുന്നതിനിടെ മഴയെത്തിയപ്പോൾ എല്ലാവരും ഷെഡിലേക്കു മാറുകയായിയിരുന്നു. ആനന്ദജ്യോതിയാണ് കോകിലയുടെ അമ്മ. സഹോദരൻ: സാരഥി.
മിന്നലേറ്റു വിദ്യാർഥിനി മരിച്ചു; ബാലികയ്ക്കു പരിക്ക്
09:40 PM Apr 21, 2021 | Deepika.com