സ്വന്തം ലേഖകൻ
തൃശൂർ: ആനകളും പുരുഷാരവും നിരക്കാറുള്ള തൃശൂർ പൂരം ഇത്തവണ ആളില്ലാപ്പൂരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു പൊതുജനങ്ങൾക്കു പ്രവേശനമുണ്ടായിരിക്കില്ല. സ്വരാജ് റൗണ്ടിലേക്കും പൂരം നടക്കുന്ന മേഖലകളിലേക്കും പൂരത്തിൽ പങ്കാളികളായ ദേവസ്വങ്ങളുടേയും ഘടകക്ഷേത്രങ്ങളുടേയും ഭാരവാഹികൾ പാസ് നൽകിയവർക്കുമാത്രമേ പ്രവേശനം അനുവദിക്കൂ.
സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശം തടയാൻ എല്ലാ കവാടങ്ങളിലും പോലീസ് കൂറ്റൻ ബാരിക്കേഡുകൾ സജ്ജമാക്കിയിട്ടുണ്ട്. തെക്കിൻകാട് മൈതാനിയിലേക്ക് ആരും പ്രവേശിക്കാതിരിക്കാൻ ഇന്നർ ഫുട്പാത്ത് ഉൾപ്പെടെയുള്ള ഭാഗങ്ങളും ബാരിക്കേഡുകൾ ഉപയോഗിച്ചു വളച്ചുകെട്ടി.
ദേവസ്വങ്ങളുടെയും ഘടകക്ഷേത്രങ്ങളുടേയും സംഘാടകർ, ക്ഷേത്രം ജീവനക്കാർ, ആനപ്പാപ്പാൻമാർ, വാദ്യക്കാർ, മാധ്യമ പ്രവർത്തകർ, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമായിരിക്കും സ്വരാജ് റൗണ്ടിലേക്കു പ്രവേശനം അനുവദിക്കുക. കോവിഡ് ബാധിതനല്ലെന്നു വ്യക്തമാക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് പാസ് അനുവദിക്കുന്നത്.
എട്ടിടങ്ങളിലൂടെ
പ്രവേശനം
സ്വരാജ് റൗണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും എട്ടു സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. എംജി റോഡ്, ഷൊർണൂർ റോഡ്, ബിനി ജംഗ്ഷൻ, പാലസ് റോഡ്, കോളജ് റോഡ് (ഹോസ്പിറ്റൽ) ജംഗ്ഷൻ, ഹൈറോഡ്, എം ഒ റോഡ്, കുറുപ്പം റോഡ് എന്നിവിടങ്ങളിലൂടെ മാത്രമായിരിക്കും പ്രവേശനം. പാസ് പരിശോധിച്ചശേഷമേ അകത്തേക്കു കടത്തിവിടൂ.
കടകൾ തുറക്കരുത്
പൂരം ദിവസമായ 23 ന് സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കു പ്രവേശിക്കുന്ന ഒൗട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കാവൂ. വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കരുത്.
എംജി റോഡ,് ശങ്കരയ്യ റോഡ് ജംഗ്ഷൻ - പൂങ്കുന്നം ജംഗ്ഷൻ - പാട്ടുരായ്ക്കൽ - അശ്വിനി ജംഗ്ഷൻ - ചെന്പൂക്കാവ്, ആന്പക്കാടൻ മൂല, പൗരസമിതി ജംഗ്ഷൻ - മനോരമ സർക്കിൾ - മാതൃഭൂമി സർക്കിൾ - വെളിയന്നൂർ - റെയിൽവേ സ്റ്റേഷൻ റോഡ്, ദിവാൻജി മൂല, പൂത്തോൾ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കാണു വിലക്ക്.
അതിഥികൾ വേണ്ട
നഗരത്തിനകത്തുള്ള ഫ്ളാറ്റുകളിലും കെട്ടിടങ്ങളിലും താമസിക്കുന്നവർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നു പോലീസ്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുകയും ചെയ്യരുത്. അതിഥികളെ ഒഴിവാക്കണമെന്നു സാരം.
നഗരത്തിനകത്തെ ആശുപത്രികൾ, മറ്റ് അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കു ജോലിസ്ഥലത്തേക്കു പ്രവേശിക്കുന്നതിനു സ്ഥാപനത്തിൽനിന്നു നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് കൈവശം കരുതണം. ഇതു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുന്പാകെ കാണിച്ചാൽ പ്രവേശനം അനുവദിക്കുന്നതാണ്.
പാസുകൾക്കു
സൂക്ഷ്മ പരിശോധന
ദേവസ്വങ്ങളും ക്ഷേത്രങ്ങളും ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസിന്റെ എണ്ണം അതാതു ദേവസ്വങ്ങൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. പാസുകൾ നിർദ്ദിഷ്ട മാതൃകയിൽ അച്ചടിക്കണം. ഫോട്ടോയും പേരും മൊബൈൽ നന്പറും രേഖപ്പെടുത്തണം. പാസ് നൽകിയവരുടെ പട്ടിക നാളെ രാവിലെ പത്തിനുമുന്പ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കു സമർപ്പിക്കണം. അപേക്ഷകർ സമർപ്പിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ യോഗ്യമായതാണെന്നു സ്പെഷൽ ബ്രാഞ്ച് പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ദേവസ്വം അധികൃതർക്കു പാസുകൾ വിതരണത്തിനായി തിരികെ നൽകുന്നതാണ്. ഈ പാസുകൾ മാത്രമേ ദേവസ്വം അധികൃതർ വിതരണം നടത്താവൂ.
ആളില്ലാ പൂരത്തിനു പോലീസ് നിരത്തുന്നു, ബാരിക്കേഡുകൾ
12:08 AM Apr 21, 2021 | Deepika.com