കൽപ്പറ്റ: രാസവളങ്ങളുടെ വർധിപ്പിച്ച വില കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നു കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ടണ്ണിനു 24,000 രൂപയിൽനിന്നു 38,000 രൂപയായാണ് വർധിപ്പിച്ചത്.
എൻപികെ വളം ടണ്ണിനു 23,500 രൂപയായായിരുന്നതു 35,000 രൂപയാക്കി. കൃഷിച്ചെലവ് കുറയ്ക്കാൻ വളങ്ങളുടെ വില കൂട്ടില്ലെന്ന് രണ്ടുമാസം മുന്പാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ രാസവളങ്ങളുടെ വില നിയന്ത്രണാധികാരംതന്നെ സർക്കാർ എടുത്തുകളഞ്ഞു.
വിളകളുടെ വിലത്തകർച്ചയാൽ നട്ടംതിരിയുന്ന കർഷകർക്ക് രാസവള വില വർധനവ് താങ്ങാനാകില്ല. കാർഷികമേഖലയിൽ കടുത്ത പ്രതിസന്ധിയാണ് ഇതുണ്ടാക്കുക.മോദി സർക്കാറിന്റെ കൂറ് കർഷകരോടല്ലെന്നു ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് രാസവള വിലക്കയറ്റം.
ഇതിനെതിരേ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ശശാങ്കൻ ആധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
രാസവളങ്ങളുടെ വർധിപ്പിച്ച വില പിൻവലിക്കണം: കർഷക സംഘം
11:54 PM Apr 20, 2021 | Deepika.com