വിഴിഞ്ഞം : കോവിഡ് വ്യാപനത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴും ഒന്നാം ഘട്ട കൊറോണയെ ചെറുത്തു തോൽപ്പിക്കാൻ സഹായിച്ച സാമൂഹ്യ പ്രവർത്തകരെയോ, വിവിധ ആരോഗ്യ വിഭാഗങ്ങളുടെ കൂട്ടായ്മയേ, അണുനശീകരണത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവരെകണികാണാൻ പോലുമില്ലെന്ന് പരാതി.
രണ്ടാംഘട്ടവ്യാപനത്തിന്റെ തുടക്കത്തിലെ ചിട്ടയായ തീരുമാനമെടുക്കാതെ അധികൃതർ കാണിച്ച അലംഭാവം രോഗത്തിന്റെ കാഠിന്യം വർധിക്കാനിടയാക്കിയെന്ന് ആരോപണമുണ്ട്.
കോവിഡിന്റെ ഒന്നാംവരവിൽ ആരോഗ്യവിഭാഗത്തിന് കീഴിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചിട്ടയായപ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കിയും നിയന്ത്രണങ്ങൾ കടുപ്പിച്ചും ആശുപത്രികളിൽ പ്രത്യേക സജീകരണങ്ങൾ ഒരുക്കി ചികിത്സ ഉറപ്പാക്കിയും രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾആരംഭിച്ചുമാണ് രോഗത്തെ വരുതിയിലാക്കിയത്. ഇതോടൊപ്പം ആയുഷ് വകുപ്പിനുകീഴിൽ ഹോമിയോ ,ആയുർവേദ,സിദ്ധ വിഭാഗങ്ങളെകൂടി ഉൾപ്പെടുത്തി പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുകയും രോഗപ്രതിരോധത്തിനായി ഹോമിയോ, ആയുർവേദമരുന്നുകൾ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. പൊതുജനങ്ങൾക്കിടയിലും ജനങ്ങളുമായി നേരിട്ടിടപെടുന്ന പോലീസ്, ആരോഗ്യ,സന്നദ്ധപ്രവർത്തകർക്കും ഇത്തരത്തിൽ പ്രതിരോധ മരുന്നുകൾ വിതരണംചെയ്തിരുന്നു. ജില്ലയിൽ കോവിഡ് സാമൂഹ്യ വ്യാപനമുണ്ടായ പൂന്തുറ, പുല്ലുവിള തീരപ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന് പ്രതിരോധമരുന്നുകൾ ഏറെ സഹായകമായി എന്നായിരുന്നുവിലയിരുത്തൽ.
ഇത്തവണ രണ്ടാം വരവിൽ കോവിഡ് പടർന്നു പിടിച്ചിട്ടും ആയുഷ് വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളോ പ്രതിരോധ മരുന്ന് വിതരണമോ ഉണ്ടായിട്ടില്ലെന്നും അണു നശീകരണത്തിനായി ഫയർഫോഴ്സിനെ പോലും ഉപയോഗപ്പെടുത്തുന്നില്ലെന്ന് പരാതിയുണ്ട്.
കോവിഡ് വ്യാപനം അധികൃതർക്ക് അലംഭാവമെന്ന് ആരോപണം
11:27 PM Apr 20, 2021 | Deepika.com