ചിറ്റൂർ: ഏന്തൽപ്പാലം മൂലക്കട പ്രധാന പാതയ്ക്കിരുവശത്തും ഉണങ്ങി തീപിടുത്ത ഭീഷണയിലുള്ള പാഴ്ചെടികൾ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.
ഏന്തൽപ്പാലം, നന്ദിയോട്, മേലേ കവറത്തോട് പാട്ടികുളം, ചന്ദനമൊക്ക്, കന്നിമാരി, പ്ലാച്ചിമട, കന്പാലത്തറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ്
ഉണങ്ങിയ പാഴ്ചെടികൾ കൂടുതലായി കാണപ്പെടുന്നത്. യാത്രക്കാർ പുകവലിച്ചിട്ട സിഗരറ്റുകുറ്റിയിൽ നിന്നും തീപടർന്ന് പാഴ്ചെടികൾക്ക് പിടിച്ച സംഭവവും നടന്നിട്ടുണ്ട്.
കൊടുവായൂർ പൊള്ളാച്ചി അന്തർ സംസ്ഥാന പാതയെന്നതിനാൽ പതിവു യാത്ര വാഹനങ്ങൾക്ക് പുറമെ വിനോദ തീർത്ഥാടനവും മറ്റും നൂറുകണക്കിനു ചരക്കു ലോറികളും സഞ്ചരിക്കുന്ന അന്തർ സംസ്ഥാന പാതയാണിത്.
ഇത്തരം ചെടിതൂപ്പുകൾക്കിടയിൽ തെരുവുനായകളും കാട്ടുപന്നികളും തന്പടിച്ചിരിക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും അപകടകെണിയാവുന്നുമുണ്ട്. പാഴ്ചെടികൾക്കിടയിൽ തന്പടിച്ചിരിക്കുന്ന തെരുവുനായ കുറുകെ ഓടി ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരനു പരിക്കേറ്റ നിരവധി അപകടങ്ങൾ നടന്നു കഴിഞ്ഞു.
നന്ദിയോട് വേപ്പിൻ ചുവട്ടിൽ പന്നി ലോറിയിടിച്ചു ചത്ത സംഭവവും നടന്നിരുന്നു. രാത്രി സമയത്തായിരുന്നു അപകടം ഉണ്ടായത്.
കൊല്ലങ്കോട് റേഞ്ച് ഓഫീസിൽ നിന്നും വനപാലകരെത്തിയാണ് വലിപ്പം കൂടിയ പന്നിയുടെ ജഡം നീക്കം ചെയ്തത്. ഇതിനിടെ സമീപവാസികൾ ഭക്ഷണ മാലിന്യം ഉൾപ്പെടെ പാഴ്ചെടിക്കിടയിൽ തള്ളാറുമുണ്ട്.
മൂലക്കട പാതയിലെ ഉണങ്ങിയ ചെടികൾ അപകട ഭീഷണി
12:30 AM Apr 19, 2021 | Deepika.com