മംഗലംഡാം: വേനൽമഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ വീടിന്റെ മതിൽ തകർന്നു. പൊൻകണ്ടം റോഡിൽ നെല്ലിക്കൽ ആന്റണി ഈനാശു (ജോയി) വിന്റെ പുതുതായി നിർമ്മിച്ച വീടിന്റെ മുറ്റത്തെ അന്‍പതടി നീളമുള്ള കൽക്കെട്ടാണ് തകർന്നടിഞ്ഞത്.കഴിഞ്ഞ ദിവസമാണ് സംഭവം. മിന്നലിന്റെ ശക്തിയിൽ കല്ലുകൾ ദൂരേക്ക് വരെ തെറിച്ചു.
ബാങ്ക് വായ്പയെടുത്താണ് ഈ കുടുംബം ഒരു വീട് നിർമ്മിക്കാനൊരുങ്ങിയത്.വാർപ്പ് പണി കഴിച്ച് മറ്റു പണികളൊന്നും ചെയ്യാതെ കെട്ടിടം ബലപ്പെടുത്തുന്നതിനായി നല്ല രീതിയിൽ മുറ്റത്തെ കൽക്കെട്ട് നിർമ്മിക്കുകയായിരുന്നു.
അന്‍പതടി നീളത്തിൽ അടിസ്ഥാനം ഉറപ്പിച്ച് അഞ്ചടി ഉയരത്തിൽ കെട്ടിയ ശേഷം കോണ്‍ക്രീറ്റ് ബെൽറ്റ് നിർമ്മിച്ചിരുന്നു. അതിലെ ചില ഉരുക്കു കന്പികൾ ഉയർന്നു നിന്നതിൽ ഇടിമിന്നലേറ്റതാകുമെന്നാണ് കരുുതുന്നത്. കന്പി പുറത്തേയ്ക്കു നിന്ന ഭാഗത്തെ കല്ലുകളും ഇഷ്ടികയും മറ്റും ദൂരേയ്ക്ക് തെറിച്ചുവീണെന്നാണ് വീട്ടുകാരും പരിസരവാസികളും പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ട് ഒന്നാകെ മറിഞ്ഞു വീഴുകയായിരുന്നു. വീട്ടുമുറ്റത്തെ തെങ്ങുകൾക്കും മിന്നലേറ്റിട്ടുണ്ട്.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് ജോയി പറഞ്ഞു.മഴക്കാലത്തിനു മുന്‍പ് മുറ്റം കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ വീടു തന്നെ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഈ കുടുംബം.
മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ വീടിന്റെ മതിൽ തകർന്നു
12:30 AM Apr 19, 2021 | Deepika.com