ചിറ്റൂർ: മേട്ടുപ്പാളയം ചെന്താമര നഗർ ബൈപ്പാസ് നിർമ്മാണം നീണ്ടു പോവുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം കൂടി വരികയാണ്. 2005ലാണ് ഈ ബൈപ്പാസിന്റെ നിർമ്മാണം സംബന്ധമായ നടപടി ക്രമങ്ങൾ തുടങ്ങിയത്. പിന്നീട് പലതവണ ഈ റോഡ് നിർമ്മാണത്തിന് ചിലർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പിന്നിട് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ബൈപ്പാസിന് സ്ഥലമെടുപ്പ് സംബന്ധിച്ചും വിലനിനിർണ്ണയം സംബന്ധിച്ചും ചർച്ചകൾ നടത്തി അഭിപ്രായ സമന്വയമെടുത്തിരുന്നു. ആദ്യം പത്തരകോടി എസ്റ്റിമേറ്റായിരുന്നു സർക്കാരിലേക്ക് പൊതുമരാമത്ത് റിപ്പോർട്ട് അയച്ചത്. പിന്നീട് ബൈപാസിനു സ്ഥലമെടുക്കുന്ന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പതിനാലര കോടിയ്ക്കു സർക്കാർ അംഗീകാരവും ലഭിച്ചു.
പതിനഞ്ചു വർഷത്തിലധികമായിട്ടും റോഡ് നിർമ്മാണത്തിന് തുടക്കം കുറിക്കാതിരിക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും നിരാശ ഉളവാക്കിയിട്ടുണ്ട്. നിലവിൽ ലാന്റ് അക്വിസിഷൻ നടപടികൾ നടന്നുവരുന്നതായി പൊതുമരാമത്തു വകുപ്പ് റോഡ് വേയസ് ചിറ്റൂർ എക്സിക്യുട്ടീവ് എൻജീനിയർ കാര്യാലയം വെളിപ്പെടുത്തി. മേട്ടുപ്പാളയത്ത് നിന്നും ചെന്താമര നഗർ വഴി മൂന്നര കിലോമീറ്റർ ദൈർഢ്യത്തിലാണ് ബൈപാസ് നിർമ്മാണം ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുപ്പു കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവുമെന്നാണ് കണക്കു കൂട്ടലുകൾ. മേട്ടുപ്പാളയം വളവുറോഡിൽ നിന്നും ഒന്നര കിലോമീറ്റർ നെൽപ്പാടങ്ങൾ വഴിയാണ് റോഡ് നിർമ്മാണത്തിന്റെ രൂപരേഖ.
നിലവിൽ മേട്ടുപ്പാളയം വളവുറോഡിൽ നിന്നും പള്ളിമൊക്കു വരെ വാഹനസഞ്ചാരം ഏറെ ദുരിതപൂർണ്ണവും അപകട ഭീഷണയുമാണ്. ഈ ഒരു കിലോമീറ്റർ ദൂരപരിധിയിൽ മുൻപുണ്ടായ വാഹന അപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞത് ഇരുപത്തിയഞ്ചിലും കൂടുതൽ പേരാണ്. ഗുരുതരമായി പരിക്കേറ്റവർ ഇതിന്റെ രണ്ടിരട്ടിയിൽ കൂടുതൽ വരും. മേട്ടുപ്പാളയം എസ് ആകൃതിയിലുള്ള വളവു റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച അപകടങ്ങളിൽ 12ൽ കുടുതൽ പേർ മരണപ്പെട്ടിട്ടുണ്ട്.
ടാക്സി സ്റ്റാൻഡ് നാലുമൊക്ക് റോഡ് തപാൽ ഓഫീസ്, വാട്ടർടാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരു വാഹനം സഞ്ചരിക്കാൻ മാത്രമേ പാതയ്ക്കു വിസ്താരമുള്ളു. ഇതു കാരണം വാഹന അപകടങ്ങളും ഗതാഗത കുരുക്കും ഒഴിയാബാധയായി തന്നെ തുടർന്നു വരുകയാണ്. വാട്ടർ ടാങ്ക് റോഡിൽ ഷൂമാർട്ട് വ്യാപാരി രാത്രി സ്ഥാപനം പൂട്ടി വീട്ടിലേക്ക് പോവാൻ റോഡിലിറക്കിയപ്പോൾ വാഹനം ഇടിച്ച് തൽക്ഷണം മരണപ്പെട്ടിരുന്നു. ഇതേ സ്ഥലത്തു എതിരെ വന്ന വാഹനത്തിനു മാറി കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പാതയുടെ തെക്കു ഭാഗത്തെ അഞ്ചുകടകളിലിടിച്ച് സർവ്വനാശത്തിനിടവരുത്തി.
അപകടം രാത്രി 12ന് എന്നതിനാൽ ജീവഹാനി ഒഴിവായി. കൊടുവായൂർ കോയന്പത്തൂർ അന്തർ സംസ്ഥാന പ്രധാന പാതയെന്നതിനാൽ നൂറുക്കണക്കണക്കിനു ചരക്കു ലോറികൾ കടന്നു പോവുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. മേട്ടുപ്പാളയം ചെന്താമര നഗർ വഴി ബൈപാസ് യാഥാർഥ്യമായാൽ ദുര സ്ഥലങ്ങളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇതുവഴി സുരക്ഷിതമായി സഞ്ചരിക്കാനാവും. ഇതോടെ തത്തമംഗലം പ്രധാന പാത ബസ് സഞ്ചാരത്തിനു മാത്രമായും പ്രയോജനമാവുമെന്നതും ജനകീയ പ്രതീക്ഷകളാണ്.
മേട്ടുപ്പാളയം ചെന്താമര ബൈപ്പാസ് നിർമ്മാണം നീളുന്നതിൽ പ്രതിഷേധം ശക്തം
12:39 AM Apr 18, 2021 | Deepika.com