കോയന്പത്തൂർ : വർധിച്ചു വരുന്ന കൊറോണ വ്യാപനം തടയുന്നതിനായി മണ്ഡല അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നാഗരാജൻ ഉത്തരവിട്ടു. കൊറോണ വ്യാപനം് കൂടുതലുള്ള പ്രദേശങ്ങളിൽ സാന്പിളുകൾ ശേഖരിക്കുന്നത് വർധിപ്പിക്കണം, പരിശോധന ഫലങ്ങൾ വേഗം ലഭിക്കാൻ നടപടിയെടുക്കണം, രോഗബാധയുള്ള പ്രദേശങ്ങളിൽ സർവ്വേ നടത്തി മണ്ഡല അളവിൽ പരിശോധന കേന്ദ്രങ്ങൾ രൂപീകരിക്കണം, രോഗം കണ്ടെത്തിയവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം, രോഗബാധിതരെ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യമൊരുക്കണം, രോഗ ബാധ്യതയുള്ള പ്രദേശങ്ങളിൽ ദിവസവും അണുനാശിനി തളിക്കണം, മണ്ഡല അളവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജീകരിക്കണം,
അതതു മണ്ഡലങ്ങളിൽ രോഗബാധിതരെ ചികിത്സിക്കാൻ ചികിത്സാ കേന്ദ്രങ്ങൾ തയ്യാറാക്കണം, കണ്ടെയ്ൻമെന്റ് സോണുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം, അത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ ലഭിക്കാൻ ഏർപ്പാടു ചെയ്യുന്നതോടൊപ്പം ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നത് പൂർണമായി നിയന്ത്രിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കലക്ടർ മുന്നോട്ട് വച്ചത്.
കൂടാതെ കോർപറേഷൻ, റവന്യു വകുപ്പ്, പോലീസ് ഡിപ്പാർട്ട്മെന്റ്, ആരോഗ്യ വകുപ്പ് എന്നിവർ ഒത്തുചേർന്ന് കൊറോണ തടയാൻ നടപടിയെടുക്കണമെന്നും കളക്ടർ നാഗരാജൻ ആവശ്യപ്പെട്ടു.
കൊറോണ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോയന്പത്തൂർ കോടതിയിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്. കോടതി പരിസരത്ത് ആവശ്യമില്ലാതെ കൂട്ടം കൂടുന്നത് ഒഴിവാക്കണം.
കേസുകളിൽ ബന്ധപ്പെട്ടവർ ആവശ്യമുണ്ടെങ്കിൽ മാത്രം ഹാജരായാൽ മതിയാകും. വക്കീൽ ചേന്പർ ഇന്നു മുതൽ അടച്ചിടണം. ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തിൽ എടുത്തിരിക്കുന്ന നടപടികളെപ്പറ്റി ഏപ്രിൽ 22നകം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോയന്പത്തൂരിൽ കോവിഡിനെ നേരിടാൻ മുൻകരുതലുകൾ
12:38 AM Apr 18, 2021 | Deepika.com