മുക്കം: തിരുവമ്പാടിയിൽ കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ ദിവസം 58 ആന്റിജൻ ടെസ്റ്റ് എടുത്തവരിൽ 28 പേരും പോസിറ്റീവായി. കൂടാതെ 47 ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വരാനുമുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും വിലയിരുത്താൻ കോഴിക്കോട് സബ് കളക്ടർ ശ്രീധന്യ തിരുവമ്പാടി സന്ദർശിച്ചു.
പഞ്ചായത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാനുള്ള തിരുവമ്പാടി പുന്നക്കൽ റോഡിലെ കെട്ടിടവും സന്ദർശിച്ചു. 130 കിടക്കകളുള്ള ഐഎൽടിസിയുടെ ഹോസ്റ്റൽ കെട്ടിടമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി ഏറ്റെടുക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർക്കാണ് ഇവിടെ സൗകര്യമൊരുക്കുക.
ഇവർക്കുള്ള ഭക്ഷണം കുടുംബശ്രീ ഹോട്ടലിൽ നിന്നും എത്തിക്കും. കൂടാതെ തിരുവമ്പാടിയിൽ നേരത്തെ നിശ്ചയിച്ച പ്രകാരം പൊതുപ്രവർത്തകർക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തവർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, തുടങ്ങിയവർക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ കോവിഡ് പരിശോധന ക്യാമ്പും നടന്നു വരുന്നുണ്ട്.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓരോ വാർഡ് കേന്ദ്രീകരിച്ചുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പും നടക്കുന്നുണ്ട്. ഓരോ ദിവസവും ഇരുന്നൂറോളം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
തിരുവമ്പാടിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കുന്നു
12:11 AM Apr 18, 2021 | Deepika.com