പേരാമ്പ്ര: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രതിരോധ പ്രവർത്തന കാമ്പയിൻ ഊർജിതമാക്കിയതായി പ്രസിഡന്റ് ഉണ്ണി വേങ്ങേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടാം തരംഗത്തിൽ പഞ്ചായത്തിൽ 149 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മൂന്നാം വാർഡും 13-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളാണ്. മൂന്നിൽ 38 പേർക്കും 13ൽ 19 പേർക്കും പോസിറ്റീവാണ്.
വരുന്ന അഞ്ച് ദിവസങ്ങളിൽ മെഗാ ടെസ്റ്റ് ക്യാമ്പും മെഗാ വാക്സിനേഷൻ ക്യാമ്പും നടത്തുന്നുണ്ട്. പാലേരി, കുന്നശേരി, പാറക്കടവ്, പന്തിരിക്കര എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടത്തുന്നത്. വെള്ളിയാഴ്ച്ച കടിയങ്ങാട് ടെസ്റ്റ് നടത്തിയിട്ടുണ്ട്. 57 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 12 പേർക്ക് പോസിറ്റീവായിട്ടുണ്ട്. 45 വയസിനു താഴെ ഉള്ളവർക്കാണ് പ്രധാനമായും ടെസ്റ്റ് നടത്തുന്നത്.
രണ്ടാഴ്ച്ചകൊണ്ട് 45 വയസിനു മുകളിലുള്ളവരെ മുഴുവനായും വാക്സിനെടുപ്പിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതുവരെ 2958 പേർക്ക് പഞ്ചായത്തിൽ വാക്സിൻ എടുത്തിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്യാണം ഉൾപ്പെടെയുള്ള ഒരു ചടങ്ങുകളിലും 100ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകൾക്ക് 20ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. 60 വയസിന് മുകളിലും 10 വയസിനു താഴെയും ഉള്ളവർ ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഒരു പൊതു പരിപാടിക്കും പോകാൻ പാടില്ല. കളിസ്ഥലങ്ങൾ, ജിംനേഷ്യം, ടർഫുകൾ എന്നിവ അടുത്ത നാല് ആഴ്ച്ചത്തേക്ക് തുറക്കാൻ അനുവദിക്കില്ല.
കോവിഡ് ടെസ്റ്റും വാക്സിനും എടുത്തവരെ മാത്രമേ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുകയുള്ളുവെന്നും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീള, പാളയാട്ട് ബഷീർ, എം. അരവിന്ദാക്ഷൻ, കെ.വി. അശോകൻ, പി.കെ. സുജീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
12:11 AM Apr 18, 2021 | Deepika.com