ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും സംയുക്ത സംരംഭമായ ദിശ വന്പൻഹിറ്റ്. ദിവസം മുഴുവൻ ഫോണിലൂടെ വിദഗ്ധ ഡോക്ടർമാരുടെയും കൗണ്‍സലർമാരുടെയും സേവനം ലഭ്യമാക്കുന്ന ദിശയുടെ ഇടപെടലിനെത്തുടർന്ന് ഇതിനോടകം മാറിമറിഞ്ഞതു നിരവധിപേരുടെ ജീവിതമാണ്. പരീക്ഷ കാലത്തു കുട്ടികൾക്കു കൗണ്‍സലിംഗ് നൽകുന്നതിനായി 2013 മാർച്ചിൽ ആരംഭംകുറിച്ച ദിശയുടെ പ്രവർത്തനം ചെറുതായിരുന്നെങ്കിലും വർഷങ്ങൾക്കിപ്പുറം പടർന്നു പന്തലിച്ചു. ആഴ്ചയിൽ 24 മണിക്കൂറും സൗജന്യമായി പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ ആദ്യ സന്പൂർണ ആരോഗ്യ സഹായിയായ ദിശ കേരളത്തിലുള്ളവർക്കു മാത്രമല്ല ലക്ഷദ്വീപ് നിവാസികൾക്കും സേവനം നൽകിവരുന്നു.
ദിശയുടെ 1056(ടോൾഫ്രീ)/0471 2552056 എന്നീ നന്പറുകളിലൂടെ പൊതുജനങ്ങൾക്കു 24 മണിക്കൂറും സേവനം ഉറപ്പുവരുത്താം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഏതു പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം കാണാൻ സാധിക്കുമെന്നതാണു പ്രത്യേകത. സർക്കാർ മേഖലയിലെ എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളിലെയും വിദഗ്ധരായ ഡോക്ടർമാരാണ് ആരോഗ്യപരമായ കാര്യങ്ങൾക്കു മറുപടി നൽകാൻ സജ്ജരായിരിക്കുന്നത്.
കുട്ടികൾക്കുള്ള കൗണ്സലിംഗിൽനിന്നു പിന്നീട് മുതിർന്നവർക്കുള്ള ഹെൽപ്പ് ലൈൻ സേവനമായും തുടർന്ന് ആരോഗ്യ വകുപ്പിന്റെ എല്ലാ സേവനങ്ങൾക്കുമുള്ള കർമ പദ്ധതിയാക്കിയും മാറ്റിയതോടെ ദിശയുടെ ദിശതന്നെ മാറുകയായിരുന്നു. ആരോഗ്യ കാര്യങ്ങളിൽ ഉപദേശങ്ങൾക്കും സംശയ നിവാരണത്തിനും ദിശ ഏറെ പ്രയോജനപ്പെടുന്നുണ്ട്. പ്രാഥമിക ശുശ്രൂഷ, ചികിത്സ, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ ഡോക്ടർമാർ നൽകിവരുന്നു. ആരോഗ്യസംബന്ധമായ ഏതു സംശയങ്ങൾക്കും അപ്പപ്പോൾ തന്നെ വിദഗ്ധ ഡോക്ടർമാർ മറുപടി നൽകും. ഏതെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാലോ അല്ലെങ്കിൽ അസുഖം പിടിപെട്ടാലോ അപ്പോൾ തന്നെ ഈ നന്പറിൽ ബന്ധപ്പെട്ട് ഉപദേശം തേടാം.
ഗർഭകാല പരിചരണങ്ങളെക്കുറിച്ചും മാതൃശിശു പരിചരണത്തെക്കുറിച്ചുമെല്ലാമുള്ള സംശയങ്ങൾക്കും ഫോണിലൂടെ വിദഗ്ധരായ ഡോക്ടർമാരുടെ മറുപടി ലഭിക്കും. കോളുകൾ സ്വീകരിക്കുന്നതിനു വിദഗ്ധപരിശീലനം നൽകിയ കൗണ്സലർമാരാണു ഫോണ്‍ ഡോക്ടർക്കു കൈമാറുക. കുട്ടികളുടെ അമിത ദേഷ്യവും വാശിയും മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മാനസിക പ്രയാസങ്ങൾ വരെ വിശദമായി പറയാനും അതു പരിഹരിക്കപ്പെടാനും ദിശയിലൂടെ സാധിക്കും. സർക്കാർ മേഖലയിലെ എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളിലെയും വിദഗ്ധരായ ഡോക്ടർമാരാണു മറുപടി നൽകാൻ സജ്ജരായിരിക്കുന്നത്. പ്രത്യേക കൗണ്‍സലിംഗ് നൽകാൻ മനഃശാസ്ത്രജ്ഞരുടെ പാനലുമുണ്ട്.
മൂന്നുലക്ഷത്തിലേറെ പേർക്ക് സേവനം
2013ൽ പ്രവർത്തനം ആരംഭിച്ച ദിശ ഇതിനോടകം മൂന്നു ലക്ഷത്തിൽപരം പേർക്ക് സേവനം നൽകിക്കഴിഞ്ഞു. പ്രതിദിനം നിരവധിപേർ ദിശയുമായി ബന്ധപ്പെടുന്നുണ്ട്. പരീക്ഷാ കാലത്തും മറ്റും എണ്ണം വർധിക്കാറുണ്ടെന്നു ദിശ അധികൃതർ പറയുന്നു. ടെക്നോപാർക്കിലെ ആരോഗ്യവകുപ്പിന്റെ ദിശ എന്ന കോൾ സെന്ററിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. പൊതുജനാരോഗ്യസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിനു വേണ്ടിയും ദിശ പദ്ധതിയെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
ഏതെങ്കിലും പ്രദേശത്ത് ആരോഗ്യഭീഷണിയുയർത്തുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അവ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിക്കാനും സർക്കാർ ആശുപത്രിയിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഉന്നത അധികാരികളെ അറിയിക്കാനുമെല്ലാമുള്ള സംവിധാനവും ദിശയിലൂടെ നടപ്പാക്കുന്നുണ്ട്. അതാതു ജില്ലയിലെ പ്രശ്നങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം കാണാനും ഇതുവഴി സാധിക്കും. ഉടൻ പരിഹരിക്കേണ്ടതാണെങ്കിൽ അപ്പോൾ തന്നെ ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ എത്തിക്കാനും നടപടിയുണ്ട്.
ദിശ നൽകുന്ന സേവനങ്ങൾ
1. ടെലി കൗണ്‍സലിംഗ്
ചൈൽഡ് കൗണ്‍സലിംഗ്, പരീക്ഷാഭയത്തിനുള്ള കൗണ്‍സലിംഗ്, ലഹരി വിമുക്ത കൗണ്‍സലിംഗ്, പ്രീമാരിറ്റൽ/മാരിറ്റൽ കൗണ്‍സലിംഗ്, മാനസിക സംഘർഷത്തിനുള്ള കൗണ്‍സിലിംഗ്, കൗമാര പ്രായക്കാർക്കുള്ളകൗണ്സലിംഗ്, എഡ്യൂ ക്കേഷൻ കൗണ്‍സലിംഗ്, ഡയറ്റ് കൗണ്‍സലിംഗ്, എച്ച്ഐവി/എയ്ഡ്സ് കൗണ്‍സലിംഗ്, ആത്മഹത്യപ്രവണത അതിജീവിക്കാനുള്ള വയോജനങ്ങൾക്കു വേണ്ടിയുള്ള കൗണ്‍സലിംഗ് തുടങ്ങിയവയാണ് ടെലികൗണ്‍സലിംഗ് വിഭാഗത്തിൽ ഉൾപ്പെടുക.
2. ഡയൽ എ ഡോക്ടർ
പൊതുജനങ്ങൾക്ക് ആരോഗ്യപരമായ സംശയനിവാരണത്തിന് 24 മണിക്കൂറും ഫോണിലൂടെ വിദഗ്ധ ഡോക്ടർമാരുമായി സംസാരിച്ച് നിർദേശങ്ങൾ സ്വീകരിക്കാവുന്ന സംവിധാനമാണ് ഡയൽ എ ഡോക്ടർ പദ്ധതി. ഫസ്റ്റ് എയ്ഡ് നിർദേശങ്ങളും ഇതോടൊപ്പം നൽകിവരുന്നു. ജനറൽ മെഡിസിൻ, ത്വക്ക് രോഗവിദഗ്ധൻ, ജനറൽ സർജൻ, ഗൈനക്കോളജി വിഭാഗം, ഇഎൻടി, ശിശുരോഗ വിദഗ്ധൻ, ഓങ്കോളജി, എല്ല് രോഗവിദഗ്ധൻ തുടങ്ങിയ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്.
3. ലിംഗപദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്
സമൂഹത്തിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഏതൊരു വ്യക്തിക്കും ദിശയിലേക്കു വിളിച്ച് അടിയന്തര സഹായം തേടാം. സഹായം തേടുന്ന വ്യക്തിയുടെ വിവരങ്ങൾ ദിശ കൗണ്‍സലേഴ്സ് ശേഖരിച്ച് പ്രശ്നത്തിന്റെ തീവ്രതയനുസരിച്ച് അടിയന്തര സഹായം നൽകുന്നതിന് അതാതു ജില്ലയിൽ പ്രവർത്തിക്കുന്ന ജിബിവിഎം സെന്ററായ ഭൂമിക വഴി നടപടികൾ സ്വീകരിക്കും.
4. ആശുപത്രി സേവന വിവരങ്ങൾ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ വിവിധ സേവന വിവരങ്ങൾ അറിയുന്നതിനും ദിശയുടെ ഹെൽപ്ലൈനുകൾ പ്രയോജനപ്പെടുത്താം. സർക്കാർ ആശുപത്രികളുടെ പ്രവർത്തന സമയവും അവിടെ ലഭ്യമാകുന്ന സേവനങ്ങളും സർക്കാർ മെഡിക്കൽ കോളജുകൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന വിവരങ്ങൾ, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇവയെല്ലാം ലഭ്യമാണ്.
5. പൊതുജന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്
പകർച്ചവ്യാധികൾ, ഭക്ഷ്യവിഷബാധ, മാലിന്യ പ്രശ്നങ്ങൾ തുടങ്ങിയവ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിനു ദിശയുടെ സേവനം പ്രയോജനപ്പെടുത്താം.
6. മൃതസഞ്ജീവിനി ഹെൽത്ത് ഹെൽപ്ലൈൻ മരണാനന്തര അവയവദാന പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദിശയിലേക്ക് വിളിച്ച് സംശയനിവാരണം നടത്താൻ കഴിയും.
7. ഐഎംആർ റിപ്പോർട്ടിംഗ് സെന്റർശിശുമരണം റിപ്പോർട്ട് ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സെന്ററാണു ദിശ.
8. ആരോഗ്യക്ഷേമ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ
വിവിധ ആരോഗ്യ ക്ഷേമ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്കു ദിശയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആർഎസ്ബിവൈ/സിഎച്ച്ഐഎസ്, ആർബിഎസ്കെ, ജെഎസ്വൈ/ജെഎസ്എസ്കെ, ഡിഇഐസി തുടങ്ങിയ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും ദിശ പ്രയോജനപ്പെടുത്താം.
ഒന്നിനും ഭയം വേണ്ട
ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടായി എന്നുവയ്ക്കുക. വീട്ടുകാർക്ക് എന്തു ചെയ്യണമെന്ന് ഒരു ഉൗഹവുമില്ല. ഉടനെ ഹൈൽപ് ലൈൻ നന്പറിൽ ബന്ധപ്പെട്ട് പ്രശ്നം പറഞ്ഞാൽ ഒരു വിദഗ്ധ ഗൈനക്കോളജിസ്റ്റിനെ ഫോണിൽ ലഭിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. രാത്രി വീട്ടിൽ ഒരാൾക്ക് ഹൃദയ സംബന്ധമായ അസുഖം വന്നു. ഉടനെ ടോൾഫ്രീ നന്പറിൽ ബന്ധപ്പെടുക. ഒരു കാർഡിയോജിസ്റ്റ് സംസാരിക്കുകയും എന്ത് ചെയ്യണമെന്നു നിർദേശിക്കുകയും ചെയ്യുന്നു.
രാത്രി കുഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം, എന്ത് ചെയ്യണമെന്നും എന്നറിയില്ല. ദിശയുടെ നന്പറിൽ വിളിച്ചാൽ എന്ത് ചെയ്യണമെന്നുള്ള നിർദ്ദേശം ലഭിക്കുന്നു. അതുപോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഡനങ്ങൾക്കും ഇവിടെ പരിഹാരം ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു. കൃത്യമായ ഉത്തരം ലഭിക്കുന്നതിനു പുറമേ പരിഹാരം ലഭിക്കുന്ന സ്ഥലത്ത് ഒാരോരുത്തരെയും എത്തിക്കുകയും ചെയ്യുന്ന ബൃഹത്തായ പദ്ധതിയാണിത്.
റോബിൻ ജോർജ്
ആരോഗ്യ ദിശ
05:08 PM Jul 31, 2018 | Deepika.com