ഹരിതഭംഗിയുടെ താഴ്വരയാണ് നിലന്പൂർ. ഇതോടൊപ്പം വെള്ളച്ചാട്ടങ്ങളുടെ നാടും കൂടിയാണ്. മനം കുളിർപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളാൽ സന്പന്നമാണ് നിലന്പൂരിലെ മലയോരപ്രദേശങ്ങൾ. ചെറുതും വലുതുമായ പത്തിലധികം വെള്ളച്ചാട്ടങ്ങൾ നിലന്പൂർ മേഖലയിലുണ്ട്. അവയിൽ പലതും അറിയപ്പെടാതെ തുള്ളിച്ചാടി ഒഴുകുകയാണ്. സാഹസികരടക്കമുള്ള ടൂറിസ്റ്റുകൾ ഈ വെള്ളച്ചാട്ടങ്ങളുടെ നിത്യസന്ദർശകരാണ്. നിരവധി ടൂറിസം സാധ്യതകളുള്ള അവയെ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുമില്ല.
നിലന്പൂരിലെ വെള്ളച്ചാട്ടങ്ങളിൽ കുറുന്പലങ്ങോട് വില്ലേജിലെ ആഢ്യൻപാറയാണ് ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണം. കാടിന്റെ നിശബ്ദതയിൽ ചാഞ്ഞൊഴുകുന്ന ദൃശ്യമനോഹാരിത അനുഭവിച്ചറിയാൻ സീസണില്ലാതെ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. പാറക്കെട്ടുകളിൽ വിസ്തരിച്ചൊഴുകുന്ന ആഢ്യൻപാറയുടെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. കിഴക്കൻ ഏറനാടിന്റെ ഗിരിശൃംഗങ്ങൾക്ക് താഴെ കാനനമധ്യത്തിലൂടെ ഒഴുകിയെത്തുന്ന ജലനിപാതം. പളുങ്കുമണികൾ പോലെ, ചില്ലുകഷണങ്ങൾപോലെ ജലകണങ്ങൾ ചിന്നിച്ചിതറുന്ന കാഴ്ച മനം കുളിർപ്പിക്കും. വയനാട്ടിലെ ലക്കിടിയിൽ ഉത്ഭവിച്ച് കരിന്പുഴയായി കൂടം പാറയും പാന്പുമൂടിയും കടന്ന് ചാലിയാറിൽ എത്തുന്നതിനു മുൻപാണ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത. നിലന്പൂർ ചന്തക്കുന്നിൽ നിന്നും തിരിഞ്ഞ് അകന്പാടം-എരുമമുണ്ട റൂട്ടിൽ മുട്ടിയാൽ വഴി ആഢ്യൻ പാറയിൽ എത്താം. നിലന്പൂരിൽ നിന്നും 16 കിലോമീറ്ററാണ് ദൂരം.
രണ്ടു കിലോമീറ്ററോളം നീളത്തിൽ ചെറിയ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. ആഢ്യൻപാറയിലെ വെള്ളത്തിന് ഒൗഷധഗുണമുള്ളതായും പറയപ്പെടുന്നു. ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപമായി നിരവധി മനോഹര കാഴ്ചകളും ഉണ്ട്. മഞ്ഞപ്പാറ, മീൻ മുട്ടി, തേൻപാറ, കിടക്കക്കല്ല് എന്നീ പ്രദേശങ്ങളുമുണ്ട്. ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ടൂറിസ്റ്റ് മേഖലകൾ കൂടിയാണിത്. ടൂറിസം വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചാൽ സംസ്ഥാനത്തെ തന്നെ പ്രധാന ജല ടൂറിസം കേന്ദ്രമായി ആഢ്യൻപാറ മാറും. ഇവിടെ വനത്തിലൂടെ ട്രക്കിംംഗ് നടത്താനും ആഢ്യൻപാറ പശ്ചാത്തലമൊരുക്കുന്നു. അതേസമയം അപകടക്കെണിയേറെയുള്ള വിനോദസ്ഥലം കൂടിയാണ് ആഢ്യൻപാറ.
പ്രകൃതിയുടെ മടിത്തട്ടിൽ സംഗീതമഴയായി പെയ്തിറങ്ങുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് നിലന്പൂർ താലൂക്കിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. വിനോദസഞ്ചാരികളുടെ ഹൃദയം കീഴടക്കിയ കേരളാംകുണ്ട് വെള്ളച്ചാട്ടം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കരുവാരക്കുണ്ടിൽനിന്ന് ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ കേരളാംകുണ്ടിലെത്താം. കരുവാരക്കുണ്ട് -കൽക്കുണ്ട് അട്ടിയിൽ നിന്നും ഏകദേശം 2.5 കി.മീറ്റർ സഞ്ചരിച്ചാലും ആനത്താനത്തു നിന്നും റോഡുവഴി മൂന്ന് കിലോമീറ്റർ വന്നാലും ഇവിടെയെത്താം. ഒലിപ്പുഴയുടെ തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രദേശം. ചുറ്റും മഞ്ഞുമൂടിയ മല മടക്കുകൾ. 150 അടി ഉയരത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. ഉൗട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. പല തരത്തിലുള്ള പച്ചമരുന്നുകളും പ്രദേശത്ത് സമൃദ്ധമാണ്. വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ പോയാൽ നട്മെഗ് വാലിയിൽ എത്താം. ജാതികൃഷിയുള്ളതിനാലാണ് ഇവിടം നട്മെഗ് വാലി എന്നു പറയുന്നത്. കാനനഭംഗി ആസ്വദിക്കാൻ സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാണ് ഇവിടെ ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.
പ്രദേശത്തെ ബറോഡ വെള്ളച്ചാട്ടത്തിനും ആരാധകരേറെയാണ്. കണ്ടാൽ ചെറിയൊരു വെള്ളച്ചാട്ടമാണെങ്കിലും ബറോഡയുടെ സൗന്ദര്യം ഹൃദയം കവരുന്നതാണ്. അൻപതടിയോളം ഉയരത്തിലാണ് പാറക്കെട്ടുകളിലൂടെ ബറോഡ പതിക്കുന്നത്. കരുവാരക്കുണ്ട് കുണ്ടോട എന്ന സ്വകാര്യ എസ്റ്റേറ്റിനകത്താണ് ബറോഡ നിറക്കാഴ്ചയായി തുളുന്പുന്നത്. വർഷങ്ങൾക്ക് മുൻപ് ഈ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന വടക്കേ ഇന്ത്യൻ തൊഴിലാളികളാണ് ബറോഡ എന്ന പേരു നൽകിയതത്രേ. കരുവാരക്കുണ്ട് തരിശിൽ നിന്ന് തരിശ് - കുണ്ടോട റോഡിൽ രണ്ടു കിലോമീറ്റർ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിച്ചാൽ ബറോഡ വെള്ളച്ചാട്ടത്തിന് അടുത്തെത്താം.
പാൽവർണം പോലെ തെളിഞ്ഞൊഴുകുന്ന കക്കാടംപൊയിലിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത കണ്കുളിർക്കെ കാണാൻ നിരവധി പേരാണ് എത്തുന്നത്. സമദ്രനിരപ്പിൽനിന്നും 838 മീറ്റർ ഉയരത്തിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. പന്തീരായിരം വനത്തോട് ചേർന്ന് ഒഴുകിയെത്തുന്ന കുറുവൻപുഴയിൽ വാളംതോട്-തോട്ടപ്പള്ളി റോഡിന് സമീപമാണ് ഈ മനോഹര വെള്ളച്ചാട്ടമുള്ളത്. പാറക്കെട്ടുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തുന്ന കുറവൻപുഴയിലെ ജലകണങ്ങൾ ഇവിടെ 500 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് കുത്തനെ പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ദീർഘദൂരം ബൈക്കിലൊരു യാത്ര. അതും സാഹസികവഴികളിലൂടെ. കോഴിപ്പാറ വെള്ളച്ചാട്ടം യുവാക്കളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയതിന്റെ കാരണവും അതു തന്നെയാണ്. ട്രക്കിംഗും നടത്താം, വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാം.
പത്തു സെന്റ് നീളത്തിൽ പരന്നുകിടക്കുന്ന കുളിക്കടവും ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കും. മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമമലനിരകളിലെ പ്രകൃതി മനോഹാരിത നിറഞ്ഞ പ്രദേശമാണ് കക്കാടംപൊയിൽ. അതുകൊണ്ടുതന്നെ കോഴിപ്പാറയടങ്ങുന്ന കക്കാടംപൊയിൽ ടൂറിസം സാധ്യതയും ഏറെയാണ്. കോഴിക്കോട്ട് നിന്ന് 48ഉം നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 26ഉം അരീക്കോട്ടു നിന്ന് 20ഉം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 45ഉം കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
നിലന്പൂർ ഉൾവനത്തിലെ ചരിത്രപ്രാധാന്യമുള്ള കൊടിഞ്ഞി വെള്ളച്ചാട്ടം സാഹസികരുടെ പ്രിയകേന്ദ്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ വിത്തു കൃഷിത്തോട്ടമായ മുണ്ടേരി ഫാമിൽ നിന്നും ആറു കിലോമീറ്റർ വനത്തിലൂടെ നടന്നാൽ ഇവിടെ എത്താം. ഒന്നര കിലോമീറ്റർ ഉയരത്തിൽ നിന്നും താഴേക്കു പതിക്കുന്ന മനോഹമായ വെള്ളച്ചാട്ടം മഴക്കാലത്ത് 25 കിലോമീറ്റർ ഇപ്പുറത്തുള്ള നിലന്പൂർ നഗരത്തിൽ നിന്നു നോക്കിയാൽ പോലും കാണാം. ഇതിൽ നിന്നുയരുന്ന ശബ്ദം മൈലുകൾക്കപ്പുറത്തേക്ക് കേൾക്കാം. അഞ്ചു സ്ഥലങ്ങളിലായി പാറകളിൽ തട്ടി ചിന്നിച്ചിതറി വെള്ളം താഴോട്ടു പതിക്കുന്നതു സുന്ദരകാഴ്ചയാണ്. ഇതോടനുബന്ധിച്ചുള്ള തേൻപാറ, പഞ്ചപാണ്ഡവർ താമസിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന കലംകമിഴ്ത്തി മല എന്നിവയും സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.
കല്ലുരച്ചുണ്ടാക്കിയ വലിയ കുടങ്ങളുടെ ശേഖരം ഇവിടെ അടുത്തുള്ള കിണറ്റിൽ നിന്നും കണ്ടെടുത്തിരുന്നു. പാണ്ഡവന്മാർ ഭക്ഷണം പാകം ചെയ്യുന്നതിനുണ്ടാക്കിയതാണ് ഈ പാത്രങ്ങളെന്നാണ് പറയപ്പെടുന്നത്. ഇതിനടുത്തായി ആറടി താഴ്ചയുള്ള കിണറ്റിൽ നിന്നും 20 അടി വീതിയിലും 50 അടിയിലധികം നീളവുമുള്ള ഗുഹയിലൂടെ കടന്നുചെന്നാൽ വലിയ മൈതാനം ഭൂമിക്കടിയിൽ കാണാം. ഇതു പ്രാചീനകാലത്തു മനുഷ്യവാസമുണ്ടായിരുന്നതിന്റെ തെളിവാണെന്നു ചരിത്രകാരൻമാർ പറയുന്നു.
ഒലിപ്പാറ വെള്ളച്ചാട്ടവും ഇതിനടുത്താണ്. മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി പഴമക്കാർ ഉണ്ടാക്കിയ കുളം എന്നിവയും സഞ്ചരികൾക്ക് കാണാം. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിനിടെ പഴശ്ശിരാജ ഒളിച്ചു താമസിച്ചുവെന്ന് പറയുന്ന അമ്മച്ചിപ്ലാവ് എന്ന മരം ഇവിടെയാണ്. 26 അടി വണ്ണമുള്ള ഈ പ്ലാവ് ലോകത്തിലെ തന്നെ വലുതാണ്. ഇവിടെ നിന്നും നാലു കിലോമീറ്റർ ചൂരൽ മല വഴി യാത്ര ചെയ്താൽ വയനാട് ജില്ലയിലെ മേപ്പാടിയിലെത്താം.
ഉൾവനത്തിൽ ഒളിഞ്ഞിരിക്കുന്ന മന്പാടിലെ ഒലി വെള്ളച്ചാട്ടത്തിനും ആരാധകരേറെയാണ്. മഴക്കാല ടൂറിസം മേഖലയാണിത്. മുണ്ടേംതോടിലാണ് വെള്ളച്ചാട്ടം. എടവണ്ണയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ചാൽ മന്പാട് പഞ്ചായത്ത് പരിധിയിലെ ചാലിയാറിനക്കരെയുള്ള വീട്ടിക്കുന്ന് മലവാരത്തിലെത്താം. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ ദൂരം വനപാത താണ്ടണം. കുത്തനെയുള്ള മണ്ചെരിവും ഇറങ്ങണം. തുടർന്ന് വനമേഖലയിലൂടെ ഒന്നര കിലോമീറ്റർ കൂടി മുകളിലേക്ക് നടന്നാൽ ഒലിയായി.
പ്രകൃതിരമണീയമായ ഉത്രാടംപുഴ വെള്ളച്ചാട്ടം ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിലിലാണ്. കുറുവൻ പുഴയും ഉത്രാടംപുഴയും സംഗമിക്കുന്ന പലകത്തോടാണ് അറുപത് അടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിനടിയിൽ നിന്നും കുളിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. നിലന്പൂർ നായാടംപൊയിൽ മലയോരപാതയിൽ 11-ാം ബ്ലോക്കിലാണ് ഉൗർങ്ങാട്ടിരി പഞ്ചായത്തിനെയും ചാലിയാർ പഞ്ചായത്തിനെയും വേർതിരിക്കുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതുകൂടാതെ നിരവധി ചെറുവെള്ളച്ചാട്ടങ്ങളും നിലന്പൂരിലെ മലയോരപ്രദേശങ്ങളിൽ സഞ്ചാരികളുടെ മനംകുളിർപ്പിച്ച് ഏഴഴകായി ഒഴുകുന്നു.
രഞ്ജിത് ജോണ്
വെള്ളച്ചാട്ടങ്ങളുടെ നാട്
03:01 PM Jul 30, 2018 | Deepika.com