+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യഹൂദകലാപത്തിൽ ഉപയോഗിച്ച വാളുകൾ ഗുഹയിൽ; 1,900 വർഷത്തെ പഴക്കം

പുരാവസ്തുക്കൾ തേടുന്ന ഗവേഷകർക്കു പഴക്കമുള്ള വാളുകളും മറ്റും കിട്ടുന്നത് അപൂർവമാണ്. അപ്പോൾ നാലെണ്ണം ഒരുമിച്ചു കിട്ടിയാലോ... അവയ്ക്കു 1,900 വർഷത്തെ പഴക്കം കൂടിയുണ്ടെങ്കിലോ... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്
യഹൂദകലാപത്തിൽ ഉപയോഗിച്ച വാളുകൾ ഗുഹയിൽ; 1,900 വർഷത്തെ പഴക്കം
പുരാവസ്തുക്കൾ തേടുന്ന ഗവേഷകർക്കു പഴക്കമുള്ള വാളുകളും മറ്റും കിട്ടുന്നത് അപൂർവമാണ്. അപ്പോൾ നാലെണ്ണം ഒരുമിച്ചു കിട്ടിയാലോ... അവയ്ക്കു 1,900 വർഷത്തെ പഴക്കം കൂടിയുണ്ടെങ്കിലോ... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാകും. ചാവുകടലിനു സമീപമുള്ള ഗുഹയിൽ പരിശോധന നടത്തിയ ഇസ്രേലി പുരാവസ്തു ഗവേഷകർ അതിരറ്റ സന്തോഷത്തിലാണ്.

എഡി 130കളിൽ റോമാക്കാർക്കെതിരായ യഹൂദകലാപത്തിൽ ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്ന നാലു വാളുകളാണു ഗവേഷകർക്കു ഗുഹയിൽനിന്നു ലഭിച്ചത്. തടി, തുകൽ എന്നിവ കൊണ്ടുള്ള പിടികളുള്ളവയാണ് വാളുകൾ. അവ‍യ്ക്ക് 24-26 ഇഞ്ചുവരെ നീളമുണ്ട്. കാര്യമായ ക്ഷതങ്ങൾ സംഭവിച്ചിട്ടുമില്ല.

132നും 135നും ഇടയിൽ റോമൻ സാമ്രാജ്യത്തിനെതിരെയുണ്ടായ യഹൂദകലാപ സമയത്ത് റോമൻ സൈന്യത്തിൽനിന്നു പിടിച്ചെടുത്ത് ഗുഹയിൽ ഒളിപ്പിച്ചതാകാം ഈ വാളുകളെന്നാണ് അനുമാനം. യഹൂദന്മാർക്ക് കനത്ത നഷ്ടം സംഭവിച്ച കലാപം പരാജയപ്പെടുകയാണുണ്ടായത്. കലാപശേഷം യഹൂദർ കഠിനമായ പീഡനത്തിനിരയാകുകയും ചെയ്തു.

ആകസ്മികമായാണ് ഗുഹയിൽനിന്നു വാളുകൾ ലഭിക്കുന്നത്. 50 വർഷം മുമ്പ് കണ്ടെത്തിയ പുരാതന ഹീബ്രു ഭാഷയിലുള്ള മഷി ലിഖിതത്തിന്‍റെ ഫോട്ടോ എടുക്കാനായി ഗുഹയിലെത്തിയ ഗവേഷകർ യാദൃശ്ചികമായി വാളുകൾ കണ്ടെത്തുകയായിരുന്നു.

"സ്വപ്നംപോലെ തോന്നുന്നുവെന്നാണ്' വാളുകൾ കിട്ടിയതിനെപ്പറ്റി ഇസ്രയേൽ ആന്‍റിക്വിറ്റീസ് അഥോറിറ്റി (ഐഎഎ) ഇലി എസ്കുസിഡോ പ്രതികരിച്ചത്. ചരിത്രത്തിന്‍റെ ജാലകങ്ങൾ തുറക്കാൻ സഹായിക്കുന്ന വാളുകളെക്കുറിച്ചു കൂടുതൽ ഗവേഷണങ്ങൾ തുടരുകയാണ്.