റോബോട്ടുകൾ ക്ലാസിൽ പോകും, കുട്ടികൾ വീട്ടിലിരിക്കും!

12:17 PM Sep 11, 2023 | Deepika.com
സ്കൂളിൽ പോകാൻ മടിയുള്ളവരാണു കുട്ടികളിൽ ഭൂരിഭാഗവും. മക്കളെ ചെറുപ്രായത്തിൽ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല.

ഇതിനു പ്രതിവിധിയായി വിദ്യാർഥികൾക്കു പകരം സ്കൂളിൽ പോകാനും ക്ലാസിലിരുന്നു പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ കഴിഞ്ഞാലോ...! അതിനുള്ള പദ്ധതി തയാറാവുകയാണ് അങ്ങ് ജപ്പാനിൽ.

മൈക്രോഫോണുകൾ, സ്പീക്കറുകൾ, കാമറകൾ എന്നിവ ഘടിപ്പിച്ച റോബോട്ടുകൾ വഴി വിദ്യാർഥികൾക്കു വീട്ടിലിരുന്നുതന്നെ പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളുമായുള്ള കുട്ടികളുടെ അപരിചിതത്വം ഒഴിവാക്കാനും ഇതു സഹായകരമാകും. മൂന്നടി വലിപ്പമുള്ള റോബോട്ടുകൾ സ്വയം ചലനശേഷിയുള്ളവരായിരിക്കും.

ജപ്പാനിലെ ഒരു പ്രാദേശിക പത്രമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ജപ്പാനിലെ കുമാമോട്ടോ എന്ന നഗരത്തിലെ ക്ലാസ് മുറികളിൽ നവംബർ മാസത്തോടെ ഈ റോബോട്ടുകൾ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിക്കുശേഷം സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം ലോകമാകെ വർധിച്ച സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം.