
താൻ നൽകുന്ന അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്ന് ധ്യാൻ ശ്രീനിവാസൻ. ചിത്രം പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിനുശേഷം മാത്രമേ ആ സിനിമയ്ക്ക് പോകാവൂ എന്നും ധ്യാൻ പറഞ്ഞു.
താൻ നായകനായെത്തിയ മലയാളചിത്രം ജയിലർ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയാറാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയവേ തമാശ രൂപേണ ധ്യാന്‍ പരഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ? ഒരു പാർട് ടൈം ആക്ടറായാണ് ഞാന്‍ എന്നെത്തന്നെ കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്മെന്റ്സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാൻ. സംവിധായകനാകാൻ സിനിമയിൽ വന്ന ആളാണ്.
കൊറോണയുടെ സമയത്ത് എനിക്ക് കുറച്ച് ആകുലതകൾ ഉണ്ടായിരുന്നു. ഇനി സിനിമ ഉണ്ടാകില്ലേ എന്നു വരെ ചിന്തിച്ചു. ആ സമയത്ത് ഞാൻ കുറേ സിനിമകളില്‍ കരാർ ഒപ്പിട്ടു. ആ കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീർത്തുകൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നിൽ ബന്ധപ്പെട്ടു നിൽക്കുന്നവരുടേതുമായ സിനിമകളാണത്. മിക്കതും തുടക്കക്കാരുടെ സിനിമകളാണ്.
പലപ്പോഴും ഒരു പ്രൊഡക്ഷൻ ഹൗസാണ് സിനിമ ചെയ്യാൻ തയാറായി നമ്മുടെ മുന്നിൽ വരുന്നത്. ഈ സിനിമയാണെങ്കിൽപോലും ഇതിന്റെ നിർമാതാക്കൾ കഥ കേട്ട് അവർക്ക് ഇഷ്ടപ്പെട്ട ശേഷമാണ് ഞങ്ങളുടെ അടുത്തെത്തുന്നത്.
ഒരു സിനിമ പരാജയപ്പെട്ടു കഴിഞ്ഞാൽ നടന്റെ പുറത്തേക്കാണ് എല്ലാ ഉത്തരവാദിത്വവും കൊണ്ടുവയ്ക്കുന്നത്. ഇതൊരു കൂട്ടായ്മയാണ്. ഒരു സിനിമ വിജയച്ചില്ലെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം നിർമാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടൻ വരുന്നതെന്നും ധ്യാൻ കൂട്ടിചേർത്തു.